നിയമസഭ തെരഞ്ഞെടുപ്പിന് തയാറെടുത്ത് സി.പി.എം
text_fieldsആലപ്പുഴ: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ തുടങ്ങി സി.പി.എം ജില്ല നേതൃത്വം. നിയമസഭ മണ്ഡലം തിരിച്ച് ചുമതലക്കാരെ നിശ്ചയിച്ച് കഴിഞ്ഞു. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ബൂത്തടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. എല്ലാ ലോക്കൽ കമ്മിറ്റികളിലും പാർട്ടി ജനറൽ ബോഡികൾ വിളിച്ച് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളുടെ കാരണങ്ങൾ വിശദീകിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നു. പാർട്ടി തീരുമാന പ്രകാരം വീടുകൾ കയറിയിറങ്ങി അഭിപ്രായം തേടുന്ന സർവേ നടന്നുവരികയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ വാർഡുകൾ തിരിച്ച് പിടിക്കുന്നതിന് കൂടി ലക്ഷ്യമിട്ടാണ് ഭവനസന്ദർശനവും വോട്ടർമാരുടെ അഭിപ്രായം തേടലും നടത്തുന്നത്. പിന്നാലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാർ നയിക്കുന്ന വാഹനജാഥ തുടങ്ങും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ, രാഷ്ട്രീയ സ്ഥിതികൾ എന്നിവ എം.എൽ.എമാർ വിശദീകരിക്കും. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫിന്റെ തെക്കൻ മേഖല ജാഥ ജില്ലയിൽ പര്യടനം നടത്തും. എല്ലാ നിയോജക മണ്ഡലങ്ങളിലും ജാഥക്ക് സ്വീകരണം നൽകും.
സി.പി.എം പ്രവർത്തകർ നടത്തുന്ന ഗൃഹസന്ദർശന പരിപാടി നടന്നുവരികയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ‘മാധ്യമ’ത്തോട് പഞ്ഞു. വെള്ളിയാഴ്ചയോടെ അത് പൂർത്തിയാകും. എല്ലാ വീടുകളിലും പ്രവർത്തകർ പോയി.
പക്ഷേ, എല്ലാ ആളുകളെയും കാണാൻ കഴിഞ്ഞിട്ടില്ല. വീടുകളിൽ ഇല്ലാതിരുന്നവരടക്കം എല്ലാവരെയും കാണുന്നതിനും അഭിപ്രായങ്ങൾ അറിയുന്നതിനുമായി എല്ലാ ബൂത്തുകളിലും കുടുംബയോഗങ്ങൾ ചേരും. എൽ.ഡി.എഫിന്റെ തെക്കൻ മേഖല ജാഥ പര്യടനം പൂർത്തിയാക്കി കഴിഞ്ഞാലുടൻ കുടുംബയോഗങ്ങൾക്ക് തുടക്കമാകും. ഭവന സന്ദർശനത്തിൽ കാണാൻ കഴിയാതിരുന്നവരുടെ സാന്നിധ്യം കുടുംബയോഗങ്ങളിൽ ഉറപ്പാക്കുമെന്നും ആർ. നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

