കുട്ടനാട്ടിലെ സി.പി.എം കൂട്ടത്തല്ല്: അടികൊണ്ടവർക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsആലപ്പുഴ: സി.പി.എം വിഭാഗീയതയുടെ പേരിൽ രാമങ്കരിയിലുണ്ടായ കൂട്ടത്തല്ലിൽ അടിയേറ്റവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പൊലീസ് നടപടിയെ വിമർശിച്ച് സി.പി.എം ഔദ്യോഗികപക്ഷം രംഗത്തെത്തി. ആക്രമണത്തിൽ പരിക്കേറ്റ ലോക്കൽകമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവർക്കെതിരെയാണ് രാമങ്കരി പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അക്രമി സംഘത്തിലെ കിഷോർകുമാറിന്റെ പരാതിയിലാണ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തത്. രഞ്ജിത്തും ശരവണനും കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കിഷോറിന്റെ മൊഴി.
കൂട്ടത്തല്ലുകേസിൽ പ്രതിഷേധവുമായി ഔദ്യോഗികവിഭാഗം രംഗത്തെത്തി. ആക്രമണകേസിൽ പൊലീസ് ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പാർട്ടി ചെയ്യേണ്ട രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സലിംകുമാർ പറഞ്ഞു. അടികൊണ്ടവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയത് അംഗീകരിക്കാനാവില്ല. മർദനത്തിന് ഇരയായവരെ പ്രതികളാക്കി കേസെടുത്തതിന്റെ സ്വഭാവം പാർട്ടി പരിശോധിക്കുമെന്നും അത്തരം സമീപനം സ്വീകരിച്ചാൽ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടത്തല്ലുകേസിൽ മൂന്ന് കേസെടുത്തിട്ടുണ്ട്. ഔദ്യോഗികപക്ഷം പ്രശ്നങ്ങൾ കരുതി ക്കൂട്ടിയുണ്ടാക്കിയതാണെന്നും ആക്രമണത്തിന്റെ കാരണം പൊലീസ് അന്വേഷിക്കണമെന്നുമാണ് വിമതപക്ഷത്തിന്റെ ആവശ്യം. സംഘർഷത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പിന്നിൽ ലഹരിമാഫിയയാണെന്നുമാണ് ജില്ല സെക്രട്ടറി ആർ. നാസറിന്റെ വാദം. എന്നാൽ, സി.പി.എം സമ്മേളനകാലത്തുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണെന്നാണ് എഫ്.ഐ.ആർ പറയുന്നത്.
ഞായറാഴ്ച വൈകീട്ട് മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനിലായിരുന്നു സംഘർഷത്തിന് തുടക്കം. പിന്നീട് വേഴപ്രയിലും രാമങ്കരി ടൈറ്റാനിക് ജങ്ഷനിലും ചേരിതിരിഞ്ഞ് സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. കല്യാണവീട്ടിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

