ആലപ്പുഴ: കടുത്ത വിഭാഗീയത നിലനിൽക്കുന്ന സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ സമ്മേളനത്തിൽ പി.പി. ചിത്തരഞ്ജൻ വിഭാഗത്തെ പരാജയപ്പെടുത്തി സജി ചെറിയാൻ വിഭാഗം ഏരിയ കമ്മിറ്റി പിടിച്ചെടുത്തു.
നിലവിലെ ഏരിയ സെക്രട്ടറി വി.ബി. അശോകനെ മാറ്റി വി.ടി. രാജേഷ് പുതിയ ഏരിയ സെക്രട്ടറിയായി. കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത ഏരിയ സെക്രട്ടറിയെ ടേം നിബന്ധന കണക്കിലെടുക്കാതെ മാറ്റി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഏരിയ കമ്മിറ്റി അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച ഏരിയ സമ്മേളന പ്രതിനിധിയല്ലാത്ത ആലപ്പുഴ നഗരസഭ കൗൺസിലർ എം.ആർ. പ്രേം ഉൾപ്പെടെ 14 പേരും തോറ്റു. നഗരസഭയിലെ സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറിയാണ് പ്രേം.
ആലപ്പുഴ ചാത്തനാട് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏരിയ കമ്മിറ്റി അംഗത്തിന് പങ്കുണ്ടായിരുന്നെന്ന് സമ്മേളനത്തിൽ ആരോപണമുണ്ടായി. മന്ത്രി സജി ചെറിയാൻ ഒരുവിഭാഗത്തെ വളർത്തിയെടുക്കാൻ അനധികൃതമായി ഇടപെടുന്നുവെന്നും മന്ത്രിയുടെ ഓഫിസ് മുഖേന ജോലി വാഗ്ദാനം ചെയ്ത് ഒപ്പം നിർത്താൻ ശ്രമം നടക്കുന്നുവെന്നും വിമർശനമുയർന്നു. ബെന്നി വധക്കേസുമായി ബന്ധപ്പെട്ട് ചിത്തരഞ്ജൻ എം.എൽ.എ, ആർ.എസ്.എസിനോട് മൃദുസമീപനം കൈക്കൊള്ളുന്നുവെന്നും ആരോപണമുയർന്നു.
ജില്ല കോടതി ലോക്കൽ സെക്രട്ടറി വി.സി. തമ്പിയും പുന്നമട ലോക്കൽ സെക്രട്ടറി എസ്.എം. ഇക്ബാലും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിലവിലെ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ. ബാബു, മുൻ കൗൺസിലർ വി.പി. പ്രഭാത്, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് സുധീഷ്, ഏരിയ കമ്മിറ്റി അംഗം ഊർമിള, പി.എസ്. സുദർശനൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.വി. ഉത്തമൻ, പി.എം. രാജേഷ് തുടങ്ങിയവരും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടവരാണ്.
വി.ടി. രാജേഷ്, വി.ബി. അശോകൻ, വി.എസ്. മണി, ടി.വി. ശാന്തപ്പൻ, കെ.കെ. ജയമ്മ, വി.കെ. രവീന്ദ്രൻ, നരേന്ദ്രൻ നായർ, ഡി. സുധീഷ്, എ. ഷാനവാസ്, കെ. സോമനാഥൻ പിള്ള, ടി.ആർ. അൻസിൽ, കെ.ജെ. പ്രവീൺ, കെ.എക്സ്. ജോപ്പൻ, വി.എം. ഹരിഹരൻ, അമൃതഭായി പിള്ള, അബ്ദുൽ ഗഫൂർ, കെ.കെ. സുലൈമാൻ, പി.ജെ. ആന്റണി, സാം തോമസ് എന്നിവരാണ് പുതിയ ഏരിയ കമ്മിറ്റി അംഗങ്ങൾ. മുൻ ജില്ല സെക്രട്ടറി കൂടിയായ സജി ചെറിയാനൊപ്പമാണ് സമ്മേളനം പൂർത്തിയായ ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കൂടുതലും.