ആലപ്പുഴ: സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പിതാവെന്ന് പറയാവുന്ന വാടപ്പുറം ബാവയുടെ 100 വർഷം പിന്നിട്ട ട്രേഡ് യൂനിയൻ കൈയാളുന്ന സി.പി.ഐക്കും എ.ഐ.ടി.യു.സിക്കും സ്ഥാപക നേതാവിന്റെ സ്ഥാനം ചവിട്ടുകൊട്ടയിൽ. തൊഴിലാളി യൂനിയൻ തലപ്പത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻതന്നെ ഇരിപ്പുറപ്പിച്ചിരിക്കെയാണ് ഈ അവഗണന.
സംഘടിച്ച് ശക്തരാകാന്‍ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനപ്രകാരം വാടപ്പുറം ബാവ മുന്നിട്ടിറങ്ങി തൊഴിലാളികളെ സംഘടിപ്പിച്ച് രൂപവത്കരിച്ച സംഘടന 'തിരുവിതാംകൂർ ലേബർ അസോസിയേഷൻ', സുവർണ ജൂബിലിക്ക് ശേഷമാണ് സ്ഥാപക നേതാവിനെ കൈവിട്ടത്.
ശതാബ്ദി വേളയിലും സമരനേതാവിനെ സ്മരിക്കേണ്ടെന്നാണ് പാർട്ടി നിലപാടത്രെ. തൊഴിലാളിദ്രോഹം കൊടികുത്തിവാണ ഘട്ടത്തിൽ പരിഹാരം തേടിയ ബാവയോട് തൊഴിലാളി സംഘടനയുണ്ടാക്കാന്‍ ശ്രീനാരായണഗുരു ആവശ്യപ്പെട്ടതു പ്രകാരമാണ് ലേബർ യൂനിയൻ മൊട്ടിട്ടതെന്നാണ് ചരിത്രം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സംഘടന യാഥാർഥ്യമായത്.
ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കാടുപിടിച്ചുകിടന്ന വെളിമ്പ്രദേശം വൃത്തിയാക്കി വേദിയൊരുക്കി 1922 മാര്‍ച്ച് 31നാണ് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് എന്ന, കാനം രാജേന്ദ്രൻ പ്രസിഡന്റായ സംഘടന യാഥാർഥ്യമായത്. മുന്നൂറിനടുത്ത് തൊഴിലാളികളാണ് മണല്പരപ്പില് സംഘടിച്ചത്. അഭിഭാഷകന് പി.എസ്. മുഹമ്മദ്, ഡോ. എം.കെ. ആന്റണി, ശ്രീനാരായണ ഗുരുവിന്റെ അടുപ്പക്കാരനായിരുന്ന ബി.വി. ബാപ്പു വൈദ്യര്, കേശവന് വൈദ്യര് എന്നിവരടക്കം പങ്കെടുത്ത സദസ്സിലേക്ക് യുവസന്യാസി ഗുരുശിഷ്യനായ സ്വാമി സത്യവ്രതനും എത്തി. വാടപ്പുറം ബാവ ആമുഖമായി തൊഴിലാളികളുടെ സങ്കടകരമായ അവസ്ഥ വിശദീകരിച്ചു.
സ്വാമി സത്യവ്രതന് അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുദേവനും താനും തണ്ണീര്‍മുക്കത്തുണ്ടായിരുന്നുവെന്നും അവിടെനിന്നാണ് താന്‍ വരുന്നതെന്നും ചരിത്രപ്രസിദ്ധമാകാന്‍ ഇടയുള്ള ഒരു സംഘടന ഉദയംചെയ്യുന്ന സാഹചര്യത്തിൽ ആദ്യ സംഭാവനയായി അദ്ദേഹം ഒരു വെള്ളിരൂപ തന്നുവിട്ടിട്ടുണ്ടെന്നും സ്വാമി സത്യവ്രതന് അറിയിച്ചു. ഡോ. എം.കെ. ആന്റണിയായിരുന്നു പ്രഥമ പ്രസിഡന്റ്. വാടപ്പുറം ബാവ സെക്രട്ടറിയായും പപ്പു ആശാന് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടാണ് കമ്യൂണിസ്റ്റ് പാർട്ടി സംഘടനയെ ഹൈജാക്ക് ചെയ്യുന്നത്.
തൊഴിലാളി പ്രസ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ വാലായിക്കൂടെന്ന നിലപാടുണ്ടായിരുന്നയാളാണ് വാടപ്പുറം ബാവയെന്ന 'കണ്ടെത്തലാ'ണ് ഇദ്ദേഹത്തെ തമസ്കരിക്കുന്നതിൽ കലാശിച്ചതെന്നാണ് സൂചന. അസോസിയേഷന്റെ അമ്പതാം സമ്മേളനം 1972ല്‍ നടന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോനായിരുന്നു ഉദ്ഘാടകന്‍.
1922ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ബാവ ആരംഭിച്ച തൊഴിലാളിവര്‍ഗ സമര മുന്നേറ്റം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രപതി വി.വി. ഗിരി അടക്കം പങ്കെടുത്ത കനകജൂബിലി സമ്മേളനത്തില്‍ അച്യുതമേനോന് അടിവരയിട്ടത്.
പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതടക്കം ബാവയുടെ സ്മരണ നിലനിർത്തുന്നത് പ്രമുഖ തൊഴിലാളി നേതാവ് സജീവ് ജനാർദനൻ പ്രസിഡന്റായ വാടപ്പുറം ബാവ ഫൗണ്ടേഷനാണ്. സി.പി.ഐ നേതാവ് സത്യനേശനാണ് ലേബർ അസോസിയേഷന്റെ നിലവിലെ സെക്രട്ടറി.