ആലപ്പുഴ: കോവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും ജനപ്രതിനിധികളുടെ ഭവനസന്ദർശനം. പി.പി.ഇ. കിറ്റണിഞ്ഞാണ് ജനപ്രതിനിധികളും സംഘവും വീടുകൾ സന്ദർശിച്ചത്. നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നിർദേശിച്ചത്.
'നാടിനായി നമ്മൾ' എന്ന പേരിൽ ആര്യാട് ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലാണ് ഭവനസന്ദർശനം നടത്തിയത്.12 സംഘങ്ങളായി 440 വീടുകൾ സന്ദർശിച്ചു. നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റിവ് വളൻറിയർമാർ എന്നിവരായിരുന്നു സംഘാംഗങ്ങൾ. വീടുകളിൽ കഴിയുന്നവർക്ക് മരുന്ന്, ഭക്ഷണം, വെള്ളം, സാധനസാമഗ്രികൾ തുടങ്ങിയവ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലും 'നാടിനായി നമ്മൾ' കാമ്പയിൻ നടത്തും.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. മഹീന്ദ്രൻ, ജില്ല പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജുമോൻ, വൈസ് പ്രസിഡൻറ് ഷീന സനൽകുമാർ, എം. രജീഷ്, സൂയമോൾ, സന്തോഷ്, ബിപിൻ രാജ്, അശ്വിനി, പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.