മഴക്കെടുതിക്കൊപ്പം കോവിഡും; രോഗികൾ 50 കടന്നു
text_fieldsആലപ്പുഴ: മഴക്കെടുതി ദുരിതങ്ങൾക്കിടെ ജില്ലയിൽ കോവിഡും പടരുന്നു. രോഗികളുടെ എണ്ണം 50 കടന്നു. വ്യാഴാഴ്ച മാത്രം 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 126 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് അറിയിച്ചു. രോഗികളുടെ എണ്ണമുയർന്നതോടെ ജാഗ്രത ശക്തമാക്കി. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുള്ളവർ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണം. മറ്റുഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മഴ ദുരിതത്തിനൊപ്പം വീണ്ടും വില്ലനായി കോവിഡ് എത്തിയത് ആരോഗ്യപ്രവർത്തനങ്ങൾ താളംതെറ്റിക്കുമെന്ന ആശങ്കയുണ്ട്. ഏഷ്യൻരാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആശുപത്രിയിൽ ലക്ഷണങ്ങളോടെ എത്തിയവരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടക്കത്തിൽ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപനമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി 1.8 എന്നിവക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ഇതിൽ ഏതെങ്കിലുമാണോ ജില്ലയിൽ പിടിപെട്ടതെന്നാണ് പ്രധാനമായും പരിശോധിക്കുക. ആദ്യ കോവിഡ് തരംഗത്തിലടക്കം ജില്ലയിൽ 5,300 ജീവനുകളാണ് പൊലിഞ്ഞത്.
പ്രധാനം സ്വയം പ്രതിരോധം
- ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ
- രോഗലക്ഷണങ്ങമുള്ളവർ നിര്‍ബന്ധമായും മാസ്ക് ധരിക്കണം
- ആശുപത്രികളിൽ മാസ്ക് നിര്‍ബന്ധം
- അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.
- ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക
- പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

