അരൂർ: കോവിഡ് സമൂഹ വ്യാപനം ഏറെയുള്ള തീരമേഖലകളിൽ ആൻറിജൻ പരിശോധന കാര്യക്ഷമമാക്കാൻ കഴിയാതെ ആരോഗ്യവകുപ്പ്. ആവശ്യത്തിനു മൊബൈൽ വാനുകളില്ലാത്തതാണ് പ്രധാന കാരണം. ആകെ രണ്ടു വാഹനമാണുള്ളത്.
പള്ളിത്തോട് മേഖലയിൽ തിങ്കളാഴ്ച ആൻറിജൻ പരിശോധനക്ക് വിധേയരാക്കിയ 47 പേരിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരാക്കിയ 31 പേരുടെ ഫലം പിന്നീടെ വരൂ. ഞായറാഴ്ച എഴുപുന്ന മേഖലയിൽ പരിശോധനക്ക് വിധേയരാക്കിയ 50 പേരുടെയും ഫലം നെഗറ്റിവായിരുന്നു. രണ്ടു ദിവസംകൊണ്ട് 159 പേരെയാണ് പരിശോധിച്ചത്. എന്നാൽ, ഇനി എന്നുമുതൽ തീരത്ത് പരിശോധന നടത്തുമെന്നു അറിയിച്ചിട്ടുമില്ല.
വയലാർ മുതൽ അരൂർ വരെയുള്ള മേഖലയിൽ ചൊവ്വാഴ്ച കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നത് ചെറിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, രോഗബാധിതരിൽ 98 ശതമാനം പേരും തീരമേഖലയിലുള്ളവരാണ്. പരിശോധനയുടെ കാര്യത്തിലെ അവ്യക്തത ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുെട ആവശ്യകത മേലധികാരികളോട, ധരിപ്പിച്ചിട്ടുണ്ടെന്നും പരമാവധി പ്രയോജനം ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരി അറിയിച്ചു.