Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതക ലഭ്യത കുറഞ്ഞു; ഹോട്ടലുകൾ പൂട്ടുന്നു

text_fields
bookmark_border
ഗാർഹിക സിലിണ്ടറുകൾ നൽകിയാൽ മതിയെന്ന് കർശന നിർദേശം
പാചകവാതക ലഭ്യത കുറഞ്ഞു;  ഹോട്ടലുകൾ പൂട്ടുന്നു
cancel

ആലപ്പുഴ: പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നാലെ പാചക വാതക ലഭ്യത കുറഞ്ഞതോടെ ജില്ലയിലും ഹോട്ടലുകൾ പൂട്ടി. ആലപ്പുഴ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും 10 ഹോട്ടലുകളാണ് പൂട്ടിയത്. കേറ്ററിങ് സേവന കേന്ദ്രങ്ങളിലും പാചക വാതക ക്ഷാമം ബാധിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലുൾപ്പെടെ പ്രതിസന്ധിയാണ്. ഗാർഹിക സിലണ്ടറുകൾ മാത്രം നൽകിയാൽ മതിയെന്ന കർശന നിർദേശവുമുണ്ട്. വരും ദിവസങ്ങളിൽ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് മേഖലയുമായി ബന്ധപ്പെട്ടവർ. റീഫില്ലിങ് നിർത്തിയതിനാൽ വിതരണ കേന്ദ്രങ്ങളിലെല്ലാം കാലി സിലിണ്ടറുകളാണ്.

അഞ്ചു ദിവസം മുമ്പാണ് ഹോട്ടലുകൾക്കുള്ള പാചകവാതക വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പാചകവാതകം നൽകണമെന്ന് ഹോട്ടൽ ഉടമകൾ പലതവണ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഏജൻസികൾ തയാറായിട്ടില്ല. ചെറുകിട ഹോട്ടലുകളിൽ പലതും പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചിലർ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് പ്രവർത്തനം മാറ്റി. നഗരങ്ങളിൽ തിരക്കേറിയ ഹോട്ടലുകളിൽ ചിലത് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. വലിയ പ്രധാന ഹോട്ടലുകൾക്ക് ശരാശരി രണ്ട് ദിവസത്തേക്കുകൂടെ പ്രവർത്തിക്കാനുള്ള പാചകവാതകം മാത്രമാണുള്ളത്.

വിനോദസഞ്ചാര മേഖലയെയും ബാധിച്ചു

പാചകവാതക ക്ഷാമം വിനോദസഞ്ചാര മേഖലയെയും ബാധിച്ചു. ഹൗസ്ബോട്ടുകളിൽ പലതിന്‍റെയും സിലിണ്ടറുകൾ തീരാറായി. മുൻകൂട്ടി ബുക്കിങ് സ്വീകരിച്ചെത്തുന്ന സഞ്ചാരികളോട് എന്തു മറുപടി നൽകുമെന്ന ആശങ്കയിലാണവർ. ചില പുരവഞ്ചികൾക്ക് ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദായി തുടങ്ങിയതായി ടൂർ ഓപറേറ്റർമാരും ഹൗസ്ബോട്ട് ഉടമകളും പറയുന്നുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് വിദേശികൾ ഉൾപ്പടെ ഓട്ടേറെ സഞ്ചാരികൾ കൂടുതലായി ആലപ്പുഴയിലേക്ക് എത്താൻ തുടങ്ങിയിരുന്നു. അപ്പോഴാണ് പ്രതിസന്ധി. ജില്ലയിൽ ഔദ്യോഗിക കണക്ക് അനുസരിച്ച് 956 ഹൗസ്ബോട്ടുകളാണുള്ളത്.

വിറകിനും വിലകൂടി

പാചകവാതക ക്ഷാമത്തിന് പിന്നാലെ വിറകിനും ചിരട്ടക്കും വിലകൂടി. റബർ തടികൾ ഉൾപ്പെടെയുള്ള പാഴ് വിറക് ഒരു ടണ്ണിന് 3500 മുതൽ 3,700 വരെ വിലക്കാണ് കാറ്ററിങ് ചെയ്യുന്നവർ വാങ്ങുന്നത്. നല്ല വിറകിന് ഒരു ടണ്ണിന് എണ്ണായിരത്തിലേറെയാണ് വില. മറ്റ് സംസ്ഥാനങ്ങളിലേക്ക് തടി മരങ്ങൾ കൊണ്ടുപോകുന്നതിനാൽ വിറക് ലഭിക്കാത്ത സാഹചര്യമാണ്. ചിരട്ട ഒരു കിലോക്ക് 40 രൂപക്കും മുകളിലെത്തി.

തൊഴിൽമേഖലയിൽ പ്രതിസന്ധി

ഹോട്ടൽ മേഖലയിൽ പ്രതിസന്ധി രൂക്ഷം. ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ 1,800 അംഗീകൃത ഹോട്ടലുകളാണുള്ളത്. ഇതിനുപുറമേ വീട്ടിൽ ഊണ് കടകളും ചെറുതും വലുതുമായ തട്ടുകടകളും ഉൾപ്പെടുത്തുമ്പോൾ 3000ത്തിലധികം സ്ഥാപനങ്ങളാകും. ഇവയിലായി 10,000ലേറെ തൊഴിലാളികളുമുണ്ട്. ഗ്രാമീണ മേഖലകളിലെ ചെറിയൊരു വിഭാഗം ഹോട്ടലുകളിൽ മാത്രമാണ് വിറകടുപ്പുള്ളത്. ചെറിയ ചില സ്ഥാപനങ്ങളിൽ ഗാർഹിക സിലിണ്ടർ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നുണ്ട്. പാചകവാതക വിതരണത്തിലെ പ്രതിസന്ധി ജില്ലയിലെ തൊഴിൽ രംഗത്തും അനുബന്ധ മേഖലകളിലുമായി ഒരുലക്ഷത്തോളം ആളുകളെ പ്രത്യക്ഷത്തിലും പരോക്ഷത്തിലും ബാധിക്കും. ഹോട്ടലുകളും ബേക്കറികളും കാറ്ററിങ് സംവിധാനവും തൊഴിൽ രംഗവും പൂർണമായി നിലക്കും.

വിതരണകേന്ദ്രത്തിലേക്ക് ഫോൺ വിളിയേറെ

വാണിജ്യ സിലിണ്ടർ തേടി വിതരണകേന്ദ്രങ്ങളിലേക്ക് നിലക്കാത്ത ഫോൺവിളികളും നേരിട്ടുള്ള അന്വേഷണവുമുണ്ട്. ലോഡ് വരാത്തതിനാൽ നിലവിൽ വാണിജ്യ സിലിണ്ടറുകൾ എല്ലാം കാലിയാണ്. അഞ്ചുകിലോ സിലിണ്ടറുകളും കിട്ടാനാില്ല. നഗരത്തിലുള്ള ഭാരത്ഗ്യാസിന്റെ വിതരണ ഏജൻസി ഈരാറ്റുപേട്ടയിലുള്ള റീഫില്ലിങ് കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഗാർഹിക സിലിണ്ടറുകൾക്ക് ക്ഷാമമില്ലാത്തതിനാൽ സ്റ്റോക്ക് ലഭിക്കുന്നത് അനുസരിച്ച് വിതരണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cooking gas availability reduced; hotels closing
Next Story