ആലപ്പുഴ: കണ്ടെയ്ൻമെൻറ് സോണുകളിൽ പൊലീസ് അമിത അധികാര പ്രയോഗം നടത്തുന്നതായി വ്യാപക പരാതി. ജില്ലയിലെ വിവിധയിടങ്ങളിലെ കണ്ടെയ്ൻമെൻറ് സോണുകളിലാണ് ജനം ദുരിതം അനുഭവിക്കുന്നത്. മിക്ക പഞ്ചായത്തിലും ഒന്നോ രണ്ടോ വാർഡുകളാണ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
വാർഡുകൾ തമ്മിൽ വലിയ ദൂരവ്യത്യാസമില്ലാത്തതിനാൽ കണ്ടെയ്ൻമെൻറ് വാർഡുകൾ മാത്രം അടച്ചുപൂട്ടാൻ പൊലീസും പണിപ്പെടുകയാണ്. പലയിടത്തും ഒന്നിലധികം ഇടവഴികളും ചെറുറോഡുകളുമുണ്ട്. ഇവിടെയെല്ലാം പൊലീസ് നിരീക്ഷണം സാധ്യമല്ല.
അതേസമയം, വാർഡിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം പൊലീസ് അടച്ചുപൂട്ടി. ഇതുവഴി യാത്ര ചെയ്തിരുന്ന കണ്ടെയ്ൻെമൻറ് സോണിന് പുറത്തുള്ളവർ ശരിക്കും പ്രയാസം അനുഭവിക്കുകയാണ്. കണ്ടെയ്ൻമെൻറ് സോണിന് സമീപത്തുള്ളവർ ഫലത്തിൽ കണ്ടെയ്ൻമെൻറ് സോണിലായ പോലെയാണ് ജീവിക്കുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ 15, 12 വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ ആണ്. ഇതിെൻറ ഭാഗമായി വാർഡിെൻറ അതിർത്തികൾ അടച്ചിട്ടുമുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് മുഖ്യറോഡായ തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡും ഈ ഭാഗങ്ങളിൽ പൂർണമായി അടച്ചു. അത്യാവശ്യത്തിന് ദീർഘദൂരങ്ങളിൽ പോകാൻ ഈ റോഡ് ആശ്രയിച്ചെത്തുന്നവർ ഇതോടെ ദുരിതത്തിലായി. കിലോമീറ്ററുകൾ സഞ്ചരിച്ച് പല്ലനയിലെത്തുേമ്പാഴാണ് പ്രധാന റോഡുവഴി പൊലീസ് ഇവരെ കടത്തിവിടാതിരിക്കുന്നത്. സമ്പൂർണ ലോക്ഡൗൺ കാലത്തുപോലും ഇല്ലാത്ത പ്രതിരോധമാണ് പൊലീസ് ഇപ്പോൾ തീർക്കുന്നതെന്ന് പരാതിയുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ജീവനക്കാർ, മറ്റ് തൊഴിലുകൾക്ക് പോകുന്നവർ എന്നിവരെയും ഈ റോഡിൽ പൊലീസ് തടഞ്ഞു. കണ്ടെയ്ൻമെൻറ് സോൺ വാർഡ് 15 ആണെങ്കിലും വാർഡ് 16ഉം ഭാഗികമായി പൊലീസ് അടച്ചു.
ജില്ലയിൽ ചേർത്തല, അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട്, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ ദേശീയപാതക്ക് സമീപമുള്ള മിക്ക വാർഡുകളും കണ്ടെയ്ൻമെൻറ് സോണാണ്. അവിടെയൊന്നും യാത്രാ തടസ്സമില്ല.
ഉൾപ്രദേശങ്ങളിൽ പൊലീസ് അമിതാധികാര പ്രയോഗം നടപ്പാക്കുകയാണെന്നാണ് ജനങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിലൂടെ എത്തിയ നിരവധി പേർ പൊലീസ് കടത്തിവിടാത്തതിനെ തുടർന്ന് പല്ലനയിൽ കുടുങ്ങി.പലരും 15 കിലോമീറ്റർ ചുറ്റിയാണ് രാത്രി വളരെ വൈകി വീടുകളിലെത്തിയത്.