ദേശീയപാതക്കരികിലെ മരം വെട്ടിമാറ്റാതെ നിർമാണ പ്രവർത്തനം: അപകട ഭീഷണി
text_fieldsദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ
ജങ്ഷനിലെ റോഡരികിലെ വൃക്ഷം
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന് ദേശീയപാത പരിമിതപ്പെടുത്തിയിട്ടും റോഡരികിലെ മരം വെട്ടിമാറ്റാത്തത് അപകടങ്ങൾ പെരുകാൻ കാരണമാകുന്നു. ദേശീയപാതയിൽ എരമല്ലൂർ ജങ്ഷനിലാണ് ബാരിക്കഡ് വെച്ച് ദേശീയപാതയുടെ മീഡിയനിൽ നിർമാണ പ്രവർത്തനം നടത്തുന്നത്. മീഡിയയിൽനിന്ന് മൂന്നുമീറ്റർ രണ്ടുവശത്തേക്കും സ്ഥലം എടുത്താണ് നിർമാണ പ്രവർത്തനം നടത്തുന്നത്.
രണ്ടുവരിപ്പാതയുടെ ഒരു വരി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബാക്കിയുള്ളത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഒറ്റവരി പാതയാക്കി പരിമിതപ്പെടുത്തുമ്പോൾ മറ്റു തടസ്സങ്ങളെല്ലാം ഒഴിവാക്കേണ്ടതാണ്.
എരമല്ലൂർ സെന്റ് ജൂഡ് പള്ളിക്ക് മുന്നിൽ ദേശീയപാതയിൽ ബാരിക്കേഡുകൾ വെച്ച് റോഡ് പരിമിതപ്പെടുത്തിയപ്പോൾ അവിടെയുള്ള വൃക്ഷങ്ങൾ വാഹനങ്ങൾക്ക് തടസ്സമാകുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചെറിയ അപകടങ്ങൾ നിത്യവും ഉണ്ടാകുന്നുണ്ട്.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ നിലവിലുള്ള ദേശീയപാതക്ക് വീതി കൂട്ടണമെന്ന ആവശ്യത്തോട് കരാർ കമ്പനിയോ അധികൃതരോ ജില്ല ഭരണകൂടമോ പ്രതികരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ദേശീയപാത വികസനത്തിന് സ്ഥലം ഉണ്ടെന്നിരിക്കെ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ പരിമിതപ്പെടുത്തിയ റോഡരികിൽ കുറച്ചുകൂടി വീതിയിൽ റോഡ് നിർമിച്ച് വാഹനങ്ങൾക്ക് സൗകര്യമായി സഞ്ചരിക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

