ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ നൂതന സാങ്കേതികദ്യ ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ് ജോലി വ്യാപകമാക്കുന്നതിെൻറ മുന്നോടിയായി ആലപ്പുഴയില്‍ ആരംഭിച്ചു. കലക്ടറേറ്റിന് മുന്നിലൂടെ കടന്നുപോകുന്ന ജനറല്‍ ഹോസ്പിറ്റല്‍-ബീച്ച് റോഡിലാണ് ആധുനിക മെഷീനുകള്‍ ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ്.
സാധാരണ ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം 20 സെൻറിമീറ്റര്‍ കനത്തില്‍ പുറം കോണ്‍ക്രീറ്റ് ചെയ്യും. കോണ്‍ക്രീറ്റ് കൂട്ട് തയാറാക്കി റോഡ് നിര്‍മാണ സ്ഥലത്ത് എത്തിച്ച് യന്ത്രമുപയോഗിച്ച് ഉറപ്പിക്കും. ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന കോണ്‍ക്രീറ്റ് പേവര്‍ മെഷീന് മന്ത്രി ജി. സുധാകരന് സ്വിച്ച് ഓണ്‍ ചെയ്തു. ബംഗളൂരു നഗരത്തിൽ റോഡുകൾ നിർമിച്ചിരിക്കുന്ന വൈറ്റ് ടോപ്പിങ് തിരുവനന്തപുരം, കണ്ണൂർ നഗരങ്ങളിലെ നഗരവികസന പദ്ധതികളിൽ വൈറ്റ് ടോപ്പിങ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
ആലപ്പുഴ നഗര റോഡ് വികസന പദ്ധതിയിൽ 12 കിലോമീറ്റർ നീളത്തിൽ 12 റോഡുകളിലാണ് നടപ്പിലാക്കുക. വൈറ്റ് ടോപ്പിങ് വഴി 30വർഷത്തോളം റോഡുകൾ കേടുപാടില്ലാതെ നിലനിര്‍ത്താനാകും. ഒരുകിലോമീറ്റർ റോഡ് ചെയ്യുന്നതിന് നാലുമുതൽ അഞ്ചുകോടി രൂപവരെ ചെലവാകും. എന്നാൽ, മൂന്നുവർഷം കൂടുമ്പോൾ റോഡ് നിർമിക്കുന്നതിന് വേണ്ടിവരുന്ന തുക കണക്കാക്കിയാൽ ഇത് ലാഭമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോഴഞ്ചേരി ആന്‍ടക്ക് കണ്‍സ്ട്രക്ഷന്‍സ് ആണ് റോഡ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.