നിർമാണം തുടങ്ങിയിട്ട് 10 വർഷം; പണിപൂർത്തിയാവാതെ അരൂരിലെ അംഗൻവാടി
text_fieldsഅരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൂർത്തീകരിക്കാത്ത
അംഗൻവാടി കെട്ടിടം
അരൂർ: അംഗൻവാടി കെട്ടിടനിർമാണം തുടങ്ങിയിട്ട് പത്ത് വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാനായില്ല. നിലവിൽ മാലിന്യം നിറഞ്ഞുകിടക്കുന്ന ചന്തിരൂർ പുത്തൻതോടിന്റെ കരയിലെ വാടക കെട്ടിടത്തിൽ പരിമിതികളുടെ നടുവിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്.
അരൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ അംഗനവാടികെട്ടിടമാണ് പാതിവഴിയിൽ നിർമാണം നിലച്ചിരിക്കുന്നത്. ഫണ്ട് കിട്ടാത്തതാണ് നിർമാണം നിർത്തിവെക്കാൻ കാരണമെന്ന് പറയുന്നു. പത്ത് വർഷം മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന സി.കെ.പുഷ്പനാണ് അംഗനവാടി കെട്ടിടത്തിന് തറക്കല്ലിട്ടത്.
തുടർന്നുവന്ന എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയിലെ അംഗമായ സീനത്ത് ഷിഹാബുദ്ദീൻ 2025ൽ വീണ്ടും കല്ലിടൽ കർമം നടത്തി കെട്ടിടംപണി ആരംഭിച്ചു. 20 ലക്ഷം രൂപയോളം അനുവദിച്ചെന്ന് അധികൃതർ പറയുന്നു. അകത്ത് തേപ്പ് പണികളും ടൈൽസ് വർക്കുകളും ഇലക്ട്രിക്ക്- പ്ലംബിങ് ജോലികളും പൂർത്തീകരിക്കാനുണ്ട്. നിലവിൽ അംഗൻവാടി കെട്ടിടത്തിന്റെ പണി നിർത്തിവച്ചിരിക്കുകയാണ്. ദുർഗന്ധം വമിക്കുന്ന തോടിന്റെ കരയിൽ പ്രവർത്തിക്കുന്ന അംഗനവാടിയിൽ കുട്ടികളെ വിടാൻ രക്ഷിതാക്കൾ മടിക്കുകയാണ്. 30 ഓളം കുട്ടികൾ ഉണ്ടായിരുന്ന അംഗൻവാടിയിൽ ഇപ്പോൾ ഏഴു കുട്ടികൾ മാത്രമാണുള്ളത്. അനാരോഗ്യപരമായ ചുറ്റുപാടിൽ 4,500 രൂപ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിയിൽ വരാൻ കുട്ടികൾ മടിക്കുമ്പോഴും സ്വന്തമായ അംഗനവാടി കെട്ടിടം പൂർത്തീകരിക്കാൻ പഞ്ചായത്തിന് കഴിയുന്നില്ലെന്ന പരാതി ശക്തമാണ്.

