സി.പി.എമ്മിന് ഇനി സമ്മേളനകാലം; ബ്രാഞ്ച് സമ്മേളനങ്ങൾ നാളെ തുടങ്ങും
text_fieldsആലപ്പുഴ: സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജില്ലയിൽ ഞായറാഴ്ച മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാകുന്നു. ഒരുമാസം കൊണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിക്കുംവിധമാണ് ക്രമീകരണങ്ങൾ. ഒക്ടോബർ ഒന്നു മുതൽ ലോക്കൽ സമ്മേളനങ്ങളും നവംബർ ഒന്നു മുതൽ ഏരിയ സമ്മേളനങ്ങളും നടക്കും. ജനുവരിയിൽ ജില്ല സമ്മേളനം ഹരിപ്പാട്ട് നടക്കും.
ജില്ലയിൽ 2970 ബ്രാഞ്ച് കമ്മിറ്റികളും 157 ലോക്കൽ കമ്മിറ്റികളും 15 ഏരിയ കമ്മിറ്റികളുമാണുള്ളത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉദ്ഘാടനത്തിന് ശേഷം അനുഭാവി യോഗങ്ങളും ചേരും. ബ്രാഞ്ച് സമ്മേളനങ്ങൾ രാവിലെ മുതൽ വൈകുന്നേരംവരെ ഉണ്ടാകും. ലോക്കൽ സമ്മേളനങ്ങളും ഏരിയ സമ്മേളനങ്ങളും രണ്ട് ദിവസങ്ങളിലായാണ് നടക്കുക. ജില്ല സമ്മേളനം മൂന്നു ദിവസം ഉണ്ടാകും.
പാർട്ടി അംഗങ്ങളുടെ തുറന്ന ചർച്ചകളാണ് സമ്മേളനങ്ങളിൽ നടക്കുകയെന്ന് ജില്ല സെക്രട്ടറി ആർ. നാസർ ‘മാധ്യമ’ത്തോട് പറഞ്ഞു. ചർച്ചകളിൽ പാലിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെട്ടടങ്ങാതെ വിഭാഗീയത
ഗൗരിയമ്മ പാർട്ടി വിട്ടതിനും വി.എസ്, പിണറായി ചേരി ഏറ്റുമുട്ടിയ കാലത്തിനും ശേഷം ജില്ലയിൽ വിഭാഗീയത ഏറെ നേരിടുന്ന സമയമാണിത്. പ്രാദേശികമായി നേതാക്കൾ തമ്മിലുള്ള ചേരിപ്പോരാണ് ഇപ്പോൾ വിഭാഗീയതക്ക് കാരണമാകുന്നത്. കായംകുളം, കുട്ടനാട് എന്നിവിടങ്ങളിൽ കടുത്ത വിഭാഗീയത പാർട്ടി നേരിടുന്നു. മുൻ കാലങ്ങളിൽ വിഭാഗീയതയെ അച്ചടക്കത്തിന്റെ വാളോങ്ങി അടിച്ചമർത്താൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അത്തരം ഭീഷണികൾക്ക് വഴങ്ങുന്ന രീതിയിലല്ല പ്രവർത്തകർ.
നേതൃത്വത്തിന് സുരക്ഷിതമല്ലാത്ത കാലം
കഴിഞ്ഞ സമ്മേളന കാലം പാർട്ടി നേതൃത്വത്തിന് സുരക്ഷിത കാലമായിരുന്നു. ഭരണമികവ് കൊണ്ട് പ്രവർത്തകർ സംതൃപ്തരായിരുന്നതിനാൽ കാര്യമായ വിമർശനങ്ങൾ ഉണ്ടായില്ല. പ്രാദേശിക വിഭാഗീയതമാത്രമാണ് അന്ന് തലവേദനയായത്. ഇത്തവണ പാർട്ടി അടിമുടി ഉലഞ്ഞ നിലയിലായതിനാൽ വിമർശനങ്ങളുടെ പെരുമഴയാണ് നേരിടേണ്ടിവരിക. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേരിട്ട വലിയ പരാജയം സമ്മേളനങ്ങളിൽ ചർച്ചയാകും.
ഭരണ പരാജയമാണ് ജില്ലയിലടക്കം തോൽവിക്ക് കാരണമെ പ്രവർത്തകർ കരുതുന്നത്. ജില്ലയിൽ ഈഴവ, ദലിത് വിഭാഗങ്ങൾ ബി.ജെ.പിയെ തുണക്കുന്നതിലേക്ക് എത്തിയത് നേതൃത്വത്തോടും ഭരണത്തോടുമുള്ള അതൃപ്തിയായാണ് കരുതപെടുന്നത്. കരിമണൽ ഖനനം, മാസപ്പടി തുടങ്ങി ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ഏറ്റവുമധികം ആരോപണങ്ങൾ ഉയർന്നിട്ടുള്ള സമയവുമാണിത്.
ഉൾപ്പാർട്ടി ജനാധിപത്യവും ചർച്ചയാകും
കായംകുളത്തെ വിഭാഗീയതക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പരാമർശങ്ങൾ പാർട്ടി ഭരണഘടനയെപോലും വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. വിഭാഗീയതക്കെതിരെ തീരുമാനമെടുക്കുമ്പോൾ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ നോക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അത് അന്നേ വിവാദമായിരുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷവുമല്ലാതെ പിന്നെ ഏത് പക്ഷമാണ് നോക്കേണ്ടത് എന്ന ചോദ്യമാണ് ഒരു വിഭാഗം ഉയർത്തിയത്. ഉൾപാർട്ടി ജനാധിപത്യം, ജനാധിപത്യ കേന്ദ്രീകരണം, വ്യക്തിപരമായ ഉത്തരവാദിത്തം, കൂട്ടായ തീരുമാനം തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുന്നതാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന വിമർശനമാണുയർന്നത്. കേന്ദ്രീകൃത ജനാധിപത്യം എന്ന തത്വ പ്രകാരം മേൽ കമ്മിറ്റികളുടെ നിർദേശം ഉണ്ടെങ്കിൽ അത് വായിച്ച് അവതരിപ്പിച്ച് കഴിഞ്ഞാൽ ചർച്ച അനുവദിക്കാറില്ല.
തീരുമാനം നടപ്പാക്കപ്പെടുകയാണ് ചെയ്യുന്നത്. എല്ലായിടത്തും ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന പ്രസ്ഥാനം പാർട്ടിക്കുള്ളിൽ അത് അനുവദിക്കില്ല എന്ന സന്ദേശമാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന് വിമർശിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

