ആലപ്പുഴ: ടൂറിസം രംഗത്തെ ശക്തിപ്പെടുത്താൻ രണ്ടാഴ്ചക്കുള്ളിൽ കുട്ടനാട്ടിൽ വാക്സിനേഷൻ പൂർത്തിയാക്കും.
ജില്ലയിൽ ആദ്യമായി സമ്പൂർണ വാക്സിനേഷൻ നടത്തിയ പഞ്ചായത്തെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് കൈനകരി ഗ്രാമപഞ്ചായത്ത്.
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിർേദശപ്രകാരമാണ് കുട്ടനാട്ടിൽ അതിവേഗം വാക്സിനേഷൻ പൂർത്തീകരിക്കുന്നത്. കൈനകരിയിൽ ആരംഭിച്ച വാക്സിനേഷൻ മെഗാക്യാമ്പിൽ മൂന്നുദിവസത്തിനുള്ളിൽ ആറായിരത്തോളം പേർക്കാണ് വാക്സിൻ ലഭ്യമാക്കുക.
ജില്ല പഞ്ചായത്തിെൻറയും ഡോക്ടേഴ്സ് ഫോർ യുവിെൻറയും ആഭിമുഖ്യത്തിലാണ് ക്യാമ്പ്. കുപ്പപ്പുറം സ്കൂൾ, എസ്.എൻ.ഇ.എം സ്കൂൾ കുട്ടമംഗലം, കൂലിപ്പുരക്കൽ പള്ളി പാരിഷ് ഹാൾ, മുണ്ടക്കൽ റിസോർട്ട്, തോട്ടുവാത്തല സ്കൂൾ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
വാക്സിനേഷൻ ക്യാമ്പിെൻറ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. കലക്ടർ എ. അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.