നെഹ്റുട്രോഫി വള്ളംകളി; ചുണ്ടൻവള്ളങ്ങൾക്കെതിരായ പരാതിയിൽ തെളിവില്ലെന്ന് കണ്ടെത്തൽ
text_fieldsആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയില്‍ പരാതികൾ ഉയർന്ന ചുണ്ടൻ വെള്ളങ്ങൾക്കെതിരെ ജൂറി ഓഫ് അപ്പീൽ കമ്മിറ്റിക്ക് തെളിവുകൾ കണ്ടെത്താനായില്ല. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഫൈനൽ മത്സരത്തിലിന്റെ വിഡിയോ അടക്കമുള്ളവ പരിശോധിച്ചാണിത്. പരാതി ഉന്നയിച്ച ക്ലബുകാർക്കും തെളിവുകൾ ഹാജരാക്കാനായില്ല. ഇതോടെ ജൂറി ഓഫ് അപ്പീലിൽ അന്വേഷണം അവസാനിപ്പിച്ചു.
ഇതുസംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ച വൈകീട്ട് ചേരുന്ന എൻ.ടി.ബി.ആർ സൊസൈറ്റി യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിൽ നെഹ്റുട്രോഫിയിലെ മറ്റ് വിജയികളെ പ്രഖ്യാപിക്കും. നിലവിലെ തീരുമാനപ്രകാരം നടുഭാഗം രണ്ടാമതും മേല്പാടം മൂന്നാമതും നിരണം നാലാം സ്ഥാനത്തുമാണ്. ഇതിൽ മാറ്റമുണ്ടാകില്ലെന്നാണ് അറിയുന്നത്.
ഫൈനലില്‍ വീയപുരം ചുണ്ടനാണ് ഒന്നാമതെത്തിയത്. അന്ന് ഒന്നാംസ്ഥാനം മാത്രമാണ് പ്രഖ്യാപിച്ചത്. രണ്ടാംസ്ഥാനത്ത് എത്തിയ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ നിശ്ചിതപരിധിക്കപ്പുറം പ്രഫഷനൽ തുഴക്കാരെ ഉപയോഗിച്ചെന്നായിരുന്നു പരാതി. എന്നാൽ, പരാതിനൽകിയ ക്ലബുകൾക്ക് തെളിവുകള്‍ സഹിതം ആരോപണം തെളിയിക്കാന്‍ സാധിച്ചില്ല.
റേസ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ക്രമക്കേട് കണ്ടെത്താനായിരുന്നില്ല. പനത്തുഴക്ക് പകരം തടിത്തുഴ ഉപയോഗിച്ചെന്നും പരാതി ഉണ്ടായി. എന്നാല്‍, ഇതും തെളിയാനായില്ല. എ.ഡി.എം ചെയർമാനായ അഞ്ചംഗ ജൂറി ഓഫ് ആപ്പിലാണ് പരാതി പരിഗണിച്ചത്. അതേസമയം, നെഹ്റുട്രോഫിക്കുള്ള സർക്കാർ സഹായധനമായ ഒരുകോടി നൽകാൻ ഉത്തരവായി. ടൂറിസം വകുപ്പിൽനിന്ന് എൻ.ടി.ബി.ആർ അധികൃതർക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. എൻ.ടി.ബി.ആറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ടൂറിസം വകുപ്പിന് കൈമാറി.
മുൻവർഷം വള്ളംകളി കഴിഞ്ഞ് മാസങ്ങൾക്കുശേഷമാണ് സഹായധനം ലഭിച്ചത്. സർക്കാർ സഹായം ലഭിക്കാതെ തന്നെ ആവശ്യത്തിനു ഫണ്ടുണ്ടായിട്ടും മത്സരിച്ചവർക്കുള്ള ബോണസും ഗ്രാന്റും വിതരണംചെയ്യാൻ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥ അലംഭാവമാണ് കാരണമെന്നാണ് ആരോപണം. വിജയികളെ പൂർണമായി പ്രഖ്യാപിക്കാത്തതിനാൽ ബോണസ് വിതരണം വൈകുന്നത്. സി.ബി.എൽ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ഫൈനലിൽ മത്സരിച്ചവർക്കുള്ള അയോഗ്യത നീക്കിയാണ് പ്രശ്നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

