വീട് നിർമാണത്തിനുള്ള പണവുമായി കരാറുകാരൻ മുങ്ങിയെന്ന് പരാതി
text_fieldsമാന്നാർ പഞ്ചായത്ത് 13ാം വാർഡ് കുട്ടമ്പേരൂർ ആനമുടിയിൽ
മഞ്ജു പി. മോഹനും കുടുംബവും പണിതീരാത്ത വീടിന് മുന്നിൽ
മാന്നാർ: ഭിന്നശേഷി കുടുംബത്തിന്റെ വീട് നിർമാണത്തിനുള്ള പണവുമായി കരാറുകാരൻ മുങ്ങിയെന്ന് പരാതി. മാന്നാർ ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ കുട്ടമ്പേരൂർ ആനമുടിയിൽ ഭിന്നശേഷിക്കാരിയായ മഞ്ജു പി.മോഹനനാണ് (40 ) കരാറുകാരൻ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം കോയിൽതറയിൽ കെ.എൻ. രാജേഷ് നായർക്കെതിരെ മാന്നാർ പൊലീസിൽ പരാതി നൽകിയത്.
വീട് നിർമിക്കാൻ കടം വാങ്ങിയതും ഉള്ള സ്വർണം വിറ്റും സ്വരൂപിച്ചതാണ് രൂപ. ഭിന്നശേഷി യുവാവായ ഏക മകൻ അഭിൻദേവും മാതാവ് പൊന്നമ്മയും മാത്രമാണ് മഞ്ജുവിനൊപ്പമുള്ളത്. ഇളയ സഹോദരിക്ക് മാതാവ് നൽകിയ വീട്ടിലാണ് മഞ്ജുവും കുടുംബവും താമസിക്കുന്നത്. ഏതു സമയവും അവിടെനിന്ന് ഇറങ്ങേണ്ട സ്ഥിതിയിലാണ് ഈ കുടുംബം.
കുടുംബത്തിന് 2023 ജൂണിലാണ് ലൈഫ് പദ്ധതിയിൽ വീടനുവദിച്ചത്. എട്ടു സെന്റ് വസ്തുവിൽ മുമ്പ് കെട്ടിയിരുന്ന അടിത്തറയിൽ രണ്ടു കിടപ്പ്മുറി, അടുക്കള, ഹാൾ, ശുചിമുറി എന്നിവയടക്കമുള്ള വീടിന്റെ നിർമാണത്തിന് പഞ്ചായത്തിന്റെ നാലു ലക്ഷം ഉൾപ്പെടെ 8,40,000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് ചെട്ടികുളങ്ങര സ്വദേശി രാജേഷുമായി കരാറിലേർപ്പെട്ടത്.
പഞ്ചായത്തിലെ ആദ്യ ഗഡുവായ 40,000 രൂപക്ക് പണിയാരംഭിക്കുകയും, ഭിത്തികെട്ടി സൺഷെയ്ഡ് വാർക്കാനായി തട്ടടിച്ച് ഇടുകയും ചെയ്തു. ഇതിനുള്ളിൽ നാലുലക്ഷം രൂപ നാലു തവണകളായി കരാറുകാരൻ കൈപ്പറ്റി.
പിന്നീട് ഫോൺ സ്വിച്ച് ഓഫിലാണ്. അന്വേഷിച്ച് പോയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്നാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

