ഹൃദ്രോഗിയെ പൊലീസുകാരന് ആക്രമിച്ചതായി പരാതി
text_fieldsrepresentational image
മാവേലിക്കര: അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരൻ ഹൃദ്രോഗിയെ ആക്രമിച്ചെന്ന് പരാതി. മാവേലിക്കര സ്റ്റേഷനിലെ പൊലീസുകാരന് പ്രതാപചന്ദ്ര മേനോനെതിരെ മാവേലിക്കര പോനകം പുളിമൂട്ടില്‍ വീട്ടില്‍ പ്രസേനനാണ് (58) പരാതി നല്‍കിയത്.
ജനുവരി 12നാണ് സംഭവം. മറ്റു രണ്ടു പൊലീസുകാര്‍ക്കൊപ്പമാണ് പ്രതാപന് പ്രസേനന്റെ വീട്ടിലെത്തിയത്. കല്ലിടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഇയാള്‍ പ്രസേനന്റെ കൈയില്‍ ബൂട്ടിട്ട്ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ ഭാഗം ഞരമ്പ് ചതഞ്ഞ് നീരുവെച്ചു. തുടർടന്ന് മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പൊലീസുകാരന് പ്രതാപനെ വിലക്കിയിട്ടും ഇയാള്‍ ആക്രമിക്കാനുള്ള തയാറെടുപ്പില്‍ നില്‍ക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ജനുവരി 14ന് മാവേലിക്കര സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയെങ്കിലും പൊലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ തയാറായില്ലെന്നും ഒരു പൊലീസുകാരന് മോശമായി പെരുമാറിയെന്നും പ്രസേനന്റെ ഭാര്യ രമാദേവി പറയുന്നു.
പിന്നീട് അടുത്ത ദിവസമാണ് പരാതി സ്വീകരിച്ചത്. പ്രതാപചന്ദ്രമേനോന്‍ എതിരെ നല്കിയ പരാതിയുടെ കൈപ്പറ്റ് രസീതില്‍ വഴിത്തര്‍ക്കം എന്നാണ് ആദ്യം സൂചന നല്‍കിയത്. പിന്നീട് പരാതി പറഞ്ഞപ്പോഴാണ് മാറ്റി നല്‍കിയതെന്നും വീട്ടുകാര്‍ പറഞ്ഞു. പെയിന്റിങ് ജോലിക്കാരനായ പ്രസേനന്‍ ജോലി ചെയ്യാനാകാതെ വിശ്രമത്തിലാണ്.
ഗൃഹനാഥനെ ക്രൂരമായി ഉപദ്രവിച്ച പ്രതാപചന്ദ്രമേനോനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാറിന്റെ പ്രഖ്യാപിത ജനപക്ഷ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാള്‍ സര്‍വിസില്‍ തുടരുന്നത് നാടിന് ആപത്താണ്. ജനങ്ങള്‍ക്കു ഭീഷണിയായ ഇയാള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

