അതിവേഗ എ.സി ബോട്ട് സർവിസിന് തുടക്കം
text_fieldsആലപ്പുഴ: വിനോദസഞ്ചാരത്തിന് ഉണർവേകുന്ന ജലഗതാഗത വകുപ്പിെൻറ അതിവേഗ എ.സി ബോട്ട് 'വേഗ-2' സർവിസിന് തുടക്കമായി.
ആദ്യയാത്ര കുമരകത്തേക്കായിരുന്നു. കായൽ സൗന്ദര്യം നുകരാൻ ഇതരസംസ്ഥാനക്കാരടക്കമുള്ള 20 സഞ്ചാരികളാണുണ്ടായിരുന്നത്. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, ജീവനക്കാരായ പി. ദിലീപ്കുമാർ, സതീം, എം.എസ്. രാജേഷ്, സ്രാങ്ക് സി.എം. സുമേഷ്, ബോട്ട് മാസ്റ്റർ പി.ടി. ടെൻസിങ്, ലാസ്കർ സി. അനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ 11ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് വഴി ഉച്ചക്ക് കുമരകം പക്ഷിസങ്കേതത്തിലെത്തിയശേഷം വൈകീട്ട് നാലിനാണ് സർവിസ് അവസാനിപ്പിച്ചത്. ജില്ല കോടതി ഭാഗത്തെ നവകേരള കുടുംബശ്രീയാണ് ആദ്യദിനം ഭക്ഷണം വിളമ്പിയത്. ഇവർ ബോട്ടിൽ തന്നെ ഉണ്ടാക്കിയ ചായയും ചെറുകടികളും കൂടാതെ കപ്പ, കക്കയിറച്ചി, മീൻകറി എന്നിവയായിരുന്നു ഭക്ഷണം.
പാസഞ്ചർ സർവിസിനൊപ്പം ടൂറിസം സാധ്യതയും പ്രയോജനപ്പെടുത്തുന്ന കണ്ടക്ടഡ് ടൂർ ട്രിപ്പാണ് വേഗ രണ്ടിേൻറത്.
പരമാവധി 15 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാവുന്ന കാറ്റമറൈൻ ബോട്ടിൽ 120 സീറ്റുണ്ട്. 40 എ.സിയും 80 നോൺ എ.സിയുംമുണ്ട്. വിനോദസഞ്ചാരത്തിന് എ.സി സീറ്റിന് 600 രൂപയും നോൺ എസിക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
പാസഞ്ചർ സർവിസിൽ എ.സി യാത്രക്കാർക്ക് 100 രൂപയും നോൺ എ.സിക്ക് 50 രൂപയുമാണ് ചാർജ്. കോട്ടയത്തുനിന്ന് രാവിലെ 7.30ന് പുറപ്പെട്ട് 9.30ന് ആലപ്പുഴയിൽ എത്തും.
വൈകീട്ട് 5.30ന് ആലപ്പുഴയിൽനിന്ന് തിരിച്ച് കോട്ടയത്ത് 7.30ന് എത്തുന്ന തരത്തിലാണ് പാസഞ്ചർ സർവിസ്.
പുഞ്ചിരി, മംഗലശ്ശേരി, കമലെൻറ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ച് സ്റ്റോപ്പുകളുണ്ടാകും. ക്രിസ്മസ് ദിനത്തിൽ മുഴുവൻ സീറ്റും ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ബുക്കിങ്ങിന് ഫോൺ: 9400050322, 9400050324.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

