ആലപ്പുഴ: ഒരു വീട്ടില്‍ ഒരു കയര്‍ ഉൽപന്നം എന്ന പദ്ധതിയുടെ ഭാഗമായി പുതുവര്‍ഷത്തില്‍ 40 ശതമാനം ഡിസ്കൗണ്ടും സ്വർണസമ്മാനവും നല്കുന്ന കൂപ്പണ്‍ പദ്ധതിയായ പുതുവര്‍ഷ സ്വർണമഴ, കയര്‍ ചാമ്പ്യന്‍ പദ്ധതികള്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കയര്‍ ഭൂവസ്ത്ര നിര്‍മാണം പുതിയ ആവേശമാണ് കയര്‍ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളതെന്നും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും റെയില്‍വേ, പ്രതിരോധ മേഖലകളിലും കയര്‍ ഭൂവസ്ത്രത്തിെൻറ സാധ്യത ആരാഞ്ഞിട്ടുണ്ട്. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപവത്കരിക്കാൻ നടപടിയായതായും മന്ത്രി പറഞ്ഞു. കയര്‍ഫെഡ് പ്രസിഡൻറ് എന്‍. സായികുമാര്‍ അധ്യക്ഷത വഹിച്ചു. കയര്‍ അഡീ. ഡയറക്ടര്‍ ഹെലന് ജറോം, കയര്‍ഫെഡ് ബോര്‍ഡ് അംഗങ്ങളായ കഠിനംകുളം സാബു, ആര്. അജിത്ത് എന്നിവര്‍ സംസാരിച്ചു. കയര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സി. സുരേഷ്കുമാര്‍ സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ എം. അനുരാജ് നന്ദിയും പറഞ്ഞു.
കയര്‍ഫെഡ് ഷോറൂമുകളില്‍നിന്ന് 2000 രൂപയോ അതിനു മുകളിലോ വിലയുള്ള മെത്തകള്‍, കയര്‍ മാറ്റ്സ്, കയര്‍ ടഫ്റ്റഡ് മാറ്റ്സ് എന്നിവ വാങ്ങുമ്പോള്‍ കൂപ്പണ്‍ സ്കീം പ്രകാരമുള്ള വിലക്കുറവ് ലഭിക്കും. ഈ കൂപ്പണ്‍ നല്കി 40 ശതമാനം ഡിസ്കൗണ്ടില്‍ ഉപഭോക്താവിന് ഉല്പന്നങ്ങള് വാങ്ങാം. കയര്‍ഫെഡ് ഷോറൂമുകളില്‍നിന്ന് ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്ക് വിലക്കുറവിന് പുറമെ സ്വർണസമ്മാനംകൂടി നല്‍കുന്നതാണ് സ്വർണമഴ പദ്ധതി. കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികള്‍ക്ക് സ്വർണനാണയം നൽകുക. മാര്‍ച്ച് ഏഴ് വരെയാണ് പദ്ധതി.