പെരുമാറ്റച്ചട്ടം; ഉറപ്പാക്കാൻ വിപുല സംവിധാനം
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനര്‍ഥികള്‍ക്കും മാര്‍ഗദര്‍ശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമിഷന് അറിയിച്ചു. ഇവ കര്‍ശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കിയതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അലക്സ് വർഗീസ് അറിയിച്ചു.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ഏര്‍പ്പെടരുത്. മറ്റു പാര്‍ട്ടികളുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്ശനമുന്നയിക്കരുത്. അടിസ്ഥാനരഹിതമായോ വളച്ചൊടിച്ചതോ ആയ ആരോപണം ഉന്നയിച്ചു മറ്റ് പാര്‍ട്ടികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും പൊതു നിര്‍ദേശത്തില്‍ പറയുന്നു.
ആരാധനാലയങ്ങളിൽ പ്രചാരണം പാടില്ല
ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടു ചോദിക്കരുത്. മുസ്ലിം പള്ളികള്‍, ക്രിസ്ത്യൻ പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റാരാധന സ്ഥലങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ വോട്ടു പിടിക്കുക, പോള്‍ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിനു തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും പോളിങ് സ്റ്റേഷനില്‍ നിന്നും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങി തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഒഴിവാക്കേണ്ടതാണ്.
ജാഥകൾക്കും മാനദണ്ഡം
ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം. പൊലീസ് അധികാരികളെ സംഘാടകര്‍ മുന്‍കൂട്ടി വിവരം ധരിപ്പിക്കണം. ഗതാഗതത്തിന് വിഘാതമോ തടസമോ ഉണ്ടാക്കാതിരിക്കത്തക്കവണ്ണം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി എടുക്കണം.
വ്യക്തികളുടെ അവകാശത്തെ മാനിക്കണം
ഒരു വ്യക്തിക്ക് സമാധാനപരമായും അലട്ടലില്ലാതെയും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടിനു മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റുചെയ്യുക തുടങ്ങിയവ അവലംബിക്കരുത്. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില് തുടങ്ങിയവയില്‍ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യമൊട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കുന്നതിന് രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ഥികളോ അനുയായികളെ അനുവദിക്കരുത്.
രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടത്
മറ്റു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ ഛിദ്രമുണ്ടാക്കുകയോ ചെയ്യില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പു വരുത്തണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ പാര്‍ട്ടികളുടെ ലഘുലേഖകള്‍ വിതരണം ചെയ്തോ നേരിട്ടോ രേഖാമൂലമായോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു പാര്‍ട്ടിയുടെ യോഗം നടക്കുന്ന സ്ഥലങ്ങളിലൂടെ മറ്റൊരു പാര്‍ട്ടി ജാഥ നടത്തരുത്.
യോഗങ്ങൾ പൊലീസിനെ അറിയിക്കണം
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പൊലീസിന് സാധ്യമാകത്തക്കവിധം നേരത്തെ തന്നെ നിര്‍ദിഷ്ടയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ സ്ഥലത്തെ പൊലീസ് അധികാരികളെ അറിയിക്കണം.
നിര്‍ദിഷ്ടയോഗം സംബന്ധിച്ച് ഉച്ചഭാഷിണികളോ മറ്റു ഏതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിനായി അനുവാദമോ ലൈസന്‍സോ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ബന്ധപ്പെട്ട അധികാരിയോട് അപേക്ഷിച്ച് അനുവാദമോ ലൈസന്‍സോ നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

