Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറെയിൽവേ ഇരട്ടപ്പാതയിൽ...

റെയിൽവേ ഇരട്ടപ്പാതയിൽ കുടുങ്ങി തീരദേശം

text_fields
bookmark_border
റെയിൽവേ ഇരട്ടപ്പാതയിൽ കുടുങ്ങി തീരദേശം
cancel

ആലപ്പുഴ: തീരദേശയാത്രക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് ഇനിയും തുടരും. ഇരട്ടപ്പാതയുടെ ഭാഗമായ അമ്പലപ്പുഴ-തുറവൂർ റീച്ചിന്റെ നിർമാണപ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. അമ്പലപ്പുഴ-തുറവൂർ റീച്ചിൽ ഇരട്ടപ്പാത പൂർത്തിയായാൽമാത്രമേ തീരദേശത്തെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകൂ. കേന്ദ്രാനുമതി ലഭിച്ചാലും സ്ഥലമേറ്റെടുപ്പും നിർമാണപ്രവർത്തനങ്ങൾക്കുമായി വീണ്ടും വർഷങ്ങൾ കാത്തിരിക്കണം.

അമ്പലപ്പുഴ-തുറവൂർ പാത ഇരട്ടിപ്പിക്കലിന്‌ 2017ൽ 1720കോടി രൂപയുടെ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന് കൈമാറിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പാത ഇരട്ടിപ്പിക്കൽ റെയിൽവേ ബോർഡിന്റെ പരിഗണനയിലുണ്ടെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. എറണാകുളം-ആലപ്പുഴ തീരദേശ പാത നാടിന് സമർപ്പിച്ച് 36വർഷം പിന്നിടുമ്പോഴും പാതയിരട്ടിപ്പിക്കൽ ഇഴഞ്ഞുതന്നെ.

1989 ജൂൺ 29നാണ് ആലപ്പുഴ വഴിയുള്ള തീരദേശപാതയിലൂടെ ആദ്യ ട്രെയിൻ ഓടിയത്. അതിന് മുമ്പ് കോട്ടയം വഴി മാത്രമായിരുന്നു ട്രെയിൻ ഉണ്ടായിരുന്നത്. തുടക്കത്തിൽ ചരക്കുനീക്കത്തിനാണ് തീരദേശ റെയിൽപാത നിർമിച്ചതെങ്കിലും പിന്നീട് പതിനായിരക്കണക്കിന് ജനങ്ങളുടെ യാത്രാമാർഗമായി മാറി.

നിലവിലെ പാതയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള ഭാഗത്താണ് ഒറ്റപ്പാതയുള്ളത്. അമ്പലപ്പുഴ-തുറവൂർ, തുറവൂർ-അരൂർ, അരൂർ-എറണാകുളം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ഇരട്ടിപ്പിക്കൽ നടത്തുന്നത്. ഇതിൽ എറണാകുളം ജില്ലയിലെ ഭാഗമാണ് നടപടികളിൽ മുന്നിൽ.

അരൂർ-തുറവൂർ, അമ്പലപ്പുഴ-തുറവൂർ ഭാഗത്ത് ഭൂമിയേറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ല. സ്ഥലമേറ്റെടുത്ത് റെയിൽവേക്ക് നൽകിയാലും പാത പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.

ദുരിതമീ യാത്ര.....

രാവിലെയും വൈകീട്ടും നടുവൊടിക്കുന്നതാണ് യാത്ര. ആലപ്പുഴയിൽനിന്ന് ആറിന് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസ് (13352) കഴി‍ഞ്ഞാൽ 7.25ന് ആലപ്പുഴ-എറണാകുളം മെമു (66314) ആണുള്ളത്. ഇരു ട്രെയിനുകളിലും വൻതിരക്കാണ്. വൈകീട്ട് എറണാകുളം-ആലപ്പുഴ റൂട്ടിലും സമാനസ്ഥിതിയാണ്. വൈകീട്ട് നാലിന് എറണാകുളം-ആലപ്പുഴ പാസഞ്ചറിന് (66313) ശേഷം 6.25ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചറാണ് (56319) യാത്രക്കാരുടെ ആശ്രയം. ഇതിനിടയിൽ 4.20ന് ഏറനാട് എക്സ്പ്രസും (16605) തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12075) ഉണ്ടെങ്കിലും എല്ലാ സ്റ്റേഷനിലും നിർത്തില്ല. രാവിലെ എറണാകുളത്തെത്താനും വൻതിരക്കാണ്.

വണ്ടികളില്ല; ഉള്ളതെല്ലാം കോട്ടയം വഴി

ഇരട്ടപ്പാതയിൽ കുടുങ്ങി തീരദേശത്തെ റെയിൽവേ യാത്രദുരിതത്തിന് ഇനിയും പരിഹാരമായില്ല. പാതയില്ലാത്തതിനാൽ ആവശ്യത്തിന് മെമുവും സൂപ്പർ ഫാസ്റ്റ് ട്രെയിനുകളും ആലപ്പുഴ വഴി അനുവദിക്കുന്നില്ല.

കേരളത്തിന് പുതുതായി അമൃത് ഭാരത് എക്സ്പ്രസുകൾ അനുവദിച്ചപ്പോൾ അതും കോട്ടയം വഴിയായിരുന്നു. നിലവിൽ കോട്ടയം വഴി ഒട്ടേറെ ട്രെയിനുകളാണ് വടക്ക്-തെക്ക് ഭാഗങ്ങളിലേക്കുള്ളത്. ഒറ്റവരിപ്പാതയായതിനാലാണ് പുതിയ വണ്ടികളൊന്നും അനുവദിക്കാത്തത്. ബോഗികളുടെ എണ്ണക്കുറവിനൊപ്പം വന്ദേഭാരത് അടക്കമുള്ളവക്കായി വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും എല്ലായിടത്തും ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതുമാണ് പ്രതിസന്ധി.

തിരക്ക് കുറക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുകയോ നിലവിലെ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുകയോ ചെയ്യണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല.

അരൂർ-തുറവൂർ ഉയരപ്പാതയടക്കം ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ റോഡ് യാത്രക്കാരിൽ ഏറെയും ട്രെയിനുകളെ ആശ്രയിച്ചതോടയാണ് ഈറൂട്ടിൽ പതിവിലും തിരക്ക് കൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayAlappuzhacoastel area
News Summary - Coastal region caught in a deadlock over railway doubling
Next Story