അരൂക്കുറ്റിയിൽ തീരദേശ പരിധി വിനയാകുന്നു; ഇളവ് തേടി പഞ്ചായത്ത്
text_fieldsവടുതല: അരൂക്കുറ്റിയിൽ തീരദേശ വാസികളുടെ വീട് നിർമാണത്തിനും പ്രാദേശിക വികസനത്തിനായി പഞ്ചായത്ത് രൂപകൽപന ചെയ്ത ടൂറിസം പദ്ധതിക്കും തടസ്സമായി തീരദേശ പരിപാലന നിയമം. കേരള തീരദേശപരിപാലന സമിതി തയാറാക്കിയ ഭൂപടത്തിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുള്ള കണ്ടലുകൾ വരെ ഉൾപ്പെടുത്തി ബഫർസോൺ നിർവചിച്ചിരിക്കയാണ്.
പഞ്ചായത്തിലെ 13 വാർഡുകളിൽ ഒമ്പതും തീരദേശ വാർഡുകളാണ്. 11 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടെങ്കിലും ഏഴ് ചതുരശ്ര കിലോമീറ്റർ മാത്രമാണ് ജനവാസയോഗ്യമായത്. ബാക്കി പ്രദേശങ്ങൾ പൊക്കാളി നിലങ്ങളും വെള്ളക്കെട്ടുകളുമാണ്. മണിയൻപള്ളി തോട് ഉൾെപ്പടെയുള്ളവ ഈ ദൂരപരിധിയിൽ പെടുത്തിയിരിക്കയാണ്.
തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ, മറ്റുള്ളവർ, ലൈഫ് ഭവന പദ്ധതിയിലുള്ളവർ, മറ്റു തൊഴിൽ സംരംഭകർ -ഇവർക്കൊക്കെ വീടുവെക്കുന്നതിനുള്ള അനുമതി, തൊഴിൽ ശാലകൾക്കുള്ള അനുമതി, അതിനുള്ള പഞ്ചായത്ത് നമ്പറുകൾ, നിലവിലെ താൽക്കാലിക നമ്പറുകൾ ക്രമീകരിച്ച് സ്ഥിര നമ്പറുകൾ ഇതൊക്കെ നിലവിലുള്ള നിയമപ്രകാരം തടസ്സമാവുകയാണ്. അരൂക്കുറ്റി പഞ്ചായത്തിലെ ജനസാന്ദ്രത കണക്കിലെടുത്തും, അരൂക്കുറ്റിയിലെ അരക്ഷിതരായ തീരദേശവാസികൾക്ക് സഹായകരമായ രീതിയിലും, പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമ മാക്കാനും, ദൂര നിർണയത്തിലും ഭൂപടത്തിലുമുള്ള അപാകതകൾ പരിഹരിക്കപ്പെടണമെന്നാണ് ആവശ്യം.
പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം പഞ്ചായത്തുകൾ കൂടി ചേരുമ്പോൾ തെക്ക് ചെങ്ങണ്ട കായലും, പടിഞ്ഞാറൻ ഭാഗങ്ങൾ വയലാർ, തൈക്കാട്ടുശ്ശേരി, കൈതപ്പുഴ കായലുകളും, കിഴക്ക് വേമ്പനാട്ടു കായലും, വടക്കുഭാഗം കൈതപ്പുഴ ക്കായലിന്റെയും, വേമ്പനാട്ടു കായലിന്റെയും സംഗമസ്ഥാനവും ആയതിനാലും അരൂക്കുറ്റി പഞ്ചായത്ത് ഉൾെപ്പടെ മറ്റു മൂന്ന് പഞ്ചായത്തുകളും ദ്വീപ് തന്നെയാണ്. ഈ കാരണങ്ങൾ പരിഗണിച്ച് ഈ പഞ്ചായത്തുകളെയും ദ്വീപ് പഞ്ചായത്തുകളായി പ്രഖ്യാപിക്കാൻ നടപടി ഉണ്ടാവണമെന്ന് തീരദേശ പരിപാലന സമിതിക്ക് നിവേദനത്തിലൂടെയും അല്ലാതെയും അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

