തീരദേശ പരിപാലന നിയമം ആശങ്കയിൽ ജനം
text_fieldsഅരൂർ: തീരദേശ പരിപാലന നിയമത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി അടുക്കുംതോറും തീരവാസികൾ അങ്കലാപ്പിൽ. പരാതികളും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള തീയതി ജൂലൈ ഒമ്പതാണ്. അരൂർ, ഏഴുപുന്ന ഗ്രാമപഞ്ചായത്തുകളിൽ തീരദേശ പരിപാലന നിയമം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ദുരിതമാകുമെന്ന ആശങ്കയുണ്ട്.
നിയമത്തിന്റെ പരിധിയിൽ വരുന്ന ജനങ്ങൾക്ക് ഭൂമികൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് തീരവാസികൾ പറയുന്നു. ജനങ്ങളെ തീരപരിപാലന നിയമം എങ്ങനെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്താൻ അരൂർ പഞ്ചായത്ത് യോഗം വിളിച്ചതുതന്നെ ഗൗരവം ഇല്ലാതെയായിരുന്നെന്ന ആക്ഷേപവുമുണ്ട്.
അരൂർ പഞ്ചായത്തിലെ 255 സർവേ നമ്പറിലെ വെളുത്തുള്ളി, വേല - പരവ കോളനി, ആഞ്ഞിലിക്കാട്, വള്ളവനാട്ട് പ്രദേശം, കൊച്ചുതുരുത്ത്, കണ്ണച്ചാതുരുത്ത്, വാക്കേകളം തുടങ്ങിയ സ്ഥലങ്ങളിലെ 1500ഓളം വീടുകൾ വെള്ളമായാണ് രേഖപ്പെടുത്തിയത്. ഈ സർവേ നമ്പറിെൻറ സബ് ഡിവിഷനിൽപെട്ട സ്ഥലങ്ങളാണ് ഇതെല്ലാം.
സമീപ പഞ്ചായത്തുകളായ കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ പഞ്ചായത്തുകൾ സി.ആർ.ഇസെഡ് കാറ്റഗറി 2ലേക്ക് മാറ്റി നടപടി സ്വീകരിച്ചെങ്കിലും അരൂർ, എഴുപുന്ന പഞ്ചായത്തുകൾ ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ജനപ്രതിനിധികളുടെ സഹകരണത്തോടെ പഞ്ചായത്ത് ഹെൽപ് ഡെസ്ക് ഒരുക്കി ജനങ്ങളുടെ പരാതികൾ നൽകാനുള്ള ശ്രമം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അലക്സ് ഫ്രാൻസിസ് ആവശ്യപ്പെട്ടു.
മത്സ്യകൃഷി തുടർച്ചയായി നടത്തുന്ന വെളുത്തുള്ളി കായൽ പ്രദേശം സി.ആർ. ഇസെഡ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.മത്സ്യ പാടത്തേക്ക് വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യാൻ നിർമിച്ച സ്ലൂയിസുകൾ നിയമപരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.