സിറ്റി ഗ്യാസ് പദ്ധതി 3000 വീടുകളിൽക്കൂടി ഉടൻ കണക്ഷൻ നൽകും
text_fieldsആലപ്പുഴ: വീടുകളിലേക്കു പൈപ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയിൽ 3000 വീടുകളിൽ കൂടി ഉടൻ കണക്ഷൻ നൽകും. ഇതിനായി മൂന്നുമാസം നീളുന്ന സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കും.
മണ്ണഞ്ചേരി, മുഹമ്മ, കഞ്ഞികുഴി, ആര്യാട്, തണ്ണീർമുക്കം പഞ്ചായത്തുകൾ, ചേർത്തല നഗരസഭയിലെ കുറച്ച് ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഇത്രയും കണക്ഷനുകൾ നൽകുന്നത്. ജനുവരി മുതൽ മാർച്ച് വരെ സമയപരിധിയിൽ ഇത്രയും കണക്ഷനുകൾ നൽകും. നിലവിൽ 26,000 ഹൗസ് കണക്ഷനുകൾ നൽകി കഴിഞ്ഞു. ഇതിനു പുറമെയാണ് 3000 കണക്ഷനുകൾ കൂടി നൽകുന്നതിന് പദ്ധതിയിടുന്നത്.
പൈപ്പ് ലൈൻ ശൃംഖല സ്ഥാപിച്ചു കഴിഞ്ഞ പഞ്ചായത്തുകളിലാണ് പുതുതായി കണക്ഷനുകൾ നൽകാനൊരുങ്ങുന്നത്. പിന്നാലെ ആലപ്പുഴ നഗരത്തിൽ വീടുകളിൽ കണക്ഷൻ നൽകുന്നതിന് തുടക്കമാകും. ആലപ്പുഴ നഗരത്തിൽ പൈപ്പ്ലൈൻ ശൃംഖല സ്ഥാപിച്ചിട്ടില്ല. കൊമ്മാടി മുതൽ കളർകോട് വരെ മെയിൻ പൈപ്പ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇട റോഡുകളിലും പൈപ്പുകൾ സ്ഥാപിച്ചെങ്കിൽ മാത്രമെ ആലപ്പുഴ നഗരത്തിൽ വീടുകളിൽ കണക്ഷൻ നൽകാൻ കഴിയൂ. നഗരത്തിലെ കോൺക്രീറ്റ് റോഡുകൾ കുഴിക്കുന്നത് പ്രതിഷേധത്തിന് കാരണമാകും.
പൈപ്പ് പോകുന്ന വഴിയെല്ലാം നീളത്തിൽ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനു പകരം യന്ത്ര സഹായത്താൽ കുഴിയെടുത്ത് അവിടെ നിന്ന് തുരന്ന് മണ്ണ് നീക്കി പൈപ്പ് കടത്തിവിടുന്ന രീതിയാണ് അവലംബിക്കുന്നത്. അതിനായി റോഡിൽ നിശ്ചിത ഇടങ്ങളിൽ കുഴിയെടുക്കും. കുഴിക്കുന്ന റോഡുകൾ പുർവ സ്ഥിതിയിൽ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കേണ്ട ചുമതലയും പദ്ധതി നിർവഹണ കമ്പനിക്കാണ്. എ.ജി ആൻഡ് പി പ്രിഥം ലിമിറ്റഡിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.
തെരഞ്ഞെടുപ്പ് ഗ്യാസ് പദ്ധതി മുടക്കി
തദ്ദേശ തെരഞ്ഞെടുപ്പ് വന്നതോടെ പദ്ധതിക്കായി റോഡ് കുഴിക്കുന്നത് നിർത്തിവച്ചിരുന്നു. സർക്കാർ നിർദേശ പ്രകാരമാണ് നിർത്തിവച്ചത്. മഴക്കാലത്ത് റോഡ് കുഴിക്കലും പൈപ്പ് സഥാപിക്കലും പ്രയാസമായതും തടസമായി. ഇനി മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ റോഡ് കുഴിക്കലിന് സർക്കാർ അനുമതി നൽകുകയുമില്ല. വീടുകളിൽ കണക്ഷൻ നൽകുന്നതിന് ഇടറോഡുകളാണ് കുഴിക്കേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ കുഴിക്കുന്നത് തടഞ്ഞതിനാൽ പദ്ധതി നിലച്ച മട്ടായിരുന്നു. ഇപ്പോൾ ഹൗസ് കണക്ഷൻ നൽകാൻ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുന്നത് പൈപ്പ്ലൈൻ ശൃംഖല സ്ഥാപിച്ച് കഴിഞ്ഞ ഇടങ്ങളിൽ മാത്രമാണ്. പദ്ധതി കാര്യക്ഷമമായി മുന്നോട്ട് പോകണമെങ്കിൽ റോഡുകൾ കുഴിക്കാൻ അനുമതി നൽകണം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പുതുതായി റോഡ് കുഴിക്കൽ നടക്കില്ല. അതിനാൽ പദ്ധതി നടപ്പാകൽ വൈകുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

