ചുണ്ടനുകൾ ‘കൊള്ളിമീൻ’ പോലെ... പുന്നമടയിലെ ആവേശത്തെ നേരിടുന്നത് ഫാൻസുകാർ
text_fieldsനെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പുന്നമട ഫിനിഷിങ് പോയന്റിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടൻ ചുണ്ടന്റെ ട്രാക്ക് എൻട്രി
ആലപ്പുഴ: വള്ളംകളിയും മത്സരവള്ളംകളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. മത്സരവള്ളംകളി ആരംഭിക്കുന്നത് 1940കളുടെ തുടക്കത്തിലായിരുന്നു. ചുണ്ടന്‍വള്ളങ്ങള്‍ പോരുവള്ളങ്ങളാകുന്നത് അതോടെയാണ്. ഒരിടത്ത് ചുണ്ടന്‍വള്ളങ്ങള്‍ ഒന്നിച്ച് തുഴച്ചില്‍ തുടങ്ങി നിശ്ചിതദൂരം തുഴഞ്ഞ് മറ്റൊരിടത്ത് എത്തുന്ന തരത്തിലാണ് മത്സരവള്ളംകളി നടത്തിയിരുന്നത്.
ചുണ്ടന്‍വള്ളങ്ങളും ചെറുകളിയോടങ്ങളും ഒന്നിച്ച് തുഴഞ്ഞുവരുന്നതാണ് പണ്ടുകാലത്ത് നടന്ന വള്ളംകളി. നെഹ്റുട്രോഫി ആദ്യം മുതല്ക്കേ മത്സരവള്ളം കളിയായിരുന്നു. നെഹ്റുട്രോഫി വള്ളംകളി ആരംഭിച്ചതോടെ മത്സരത്തിന് തീവ്രതയേറി. ഓളപ്പരപ്പിലെ സുന്ദരനൗകകള്ക്ക് സൗന്ദര്യംഅൽപം കുറഞ്ഞുപോയെങ്കിലും കുട്ടനാടല്‍ ചുണ്ടന്റെ ‘സ്പീഡ്’ ലോകമെങ്ങും കീര്‍ത്തിപരത്തി. കൊള്ളിമീന്‍പോലെ, ചാട്ടുളിപോലെ, കരിനാഗം പോലെ തുടങ്ങിയ വേഗത്തിന്റെ വാക്പ്രയോഗങ്ങള് കുട്ടനാടന്‍ ചുണ്ടനെ ചുറ്റിനിന്നു.
ഫുട്ബാളിന്റെ കളിത്തൊട്ടിലായ റിയോ ഡി ജനീറോയിലെ മാരക്കാനയിലും ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ഈഡന് ഗാര്‍ഡനിലും ഗാലറികളുടെ ആവേശത്തിലും ആരവത്തിലും അലിഞ്ഞുനിന്നിട്ടുണ്ട്. ടെലിവിഷനിലൂടെ ഇതിഹാസങ്ങള്‍ പന്തുതട്ടുന്നത് കണ്ടു. പുന്നമടയിൽ ആർത്തലക്കുന്ന ആവേശത്തെ നേരിടുന്നത് ക്ലബുകാരും ഫാൻസുമാണ്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്, യു.ബി.സി കൈനകരി, കുമരകം ടൗൺബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുടങ്ങിയ ക്ലബുകൾക്കും മേൽപാടം, കാരിച്ചാൽ, ചമ്പക്കുളം, നടുഭാഗം, വീയപുരം, പായിപ്പാടൻ, നിരണം തുടങ്ങിയ ചുണ്ടൻവള്ളങ്ങൾക്കും ആരാധകർ ഏറെയുണ്ട്. ആരാധകരുടെ ആവേശമാണ് വള്ളത്തിന്റെ താളവും വേഗവുമെല്ലാം. ഓളപ്പരപ്പുകള്ക്കുമേല് ചാട്ടുളിപോലെയാണ് ചുണ്ടനുകൾ വരുന്നത്.
വാക്കുകളുടെ ‘ഇന്ദ്രജാലം’
ഒരുകാലത്ത് നെഹ്റുട്രോഫി വള്ളംകളിയെന്നാൽ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച ആകാശവാണിയിലെ ദൃക്സാക്ഷി വിവരണത്തിൽ മാത്രം ഒരുങ്ങിയിരുന്നു. അന്ന് ആകാശവാണി കമന്ററിസംഘം മനോഹരമായാണ് വള്ളംകളി കാണാത്തവരുടെ മനസ്സുകളിലേക്കുപോലും വള്ളപ്പാടും അമരവും തുഴയേറുമൊക്കെ ദൃശ്യങ്ങളാക്കി അവതരിപ്പിച്ചത്.
സ്റ്റാര്‍ട്ടിങ് പോയന്റില്‍നിന്ന് ചുണ്ടന്‍വള്ളങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍, പിന്നീടുള്ള നാലഞ്ചുമിനിറ്റ് ഇവര്‍ വാക്കുകളിലൂടെ തീര്‍ക്കുന്ന ഇന്ദ്രജാലമാണ് മനസ്സിലേക്ക് ഒരു തുഴയേറിന്റെയും ആവേശം നിറക്കുക.
എത്രയോതവണ കണ്ടാലും മതിവരാത്ത ആവേശത്തിന്റെ കെട്ടഴിച്ചാണ് ആർപ്പോ....ഇർറോ.....കരഘോഷം മുഴക്കുന്നത്. ഒന്നാം ട്രാക്കിൽ കാരിച്ചാൽ, രണ്ടാം ട്രാക്കിൽ മേൽപാടം, മൂന്നാം ട്രാക്കിൽ വീയപുരം, നാലാം ട്രാക്കിൽ നടുഭാഗം...എന്നിങ്ങനെ മുഴങ്ങുമ്പോൾ ഇക്കുറി ആരുജയിക്കുമെന്നത് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 71ാമത് നെഹ്റുട്രോഫിയിൽ ആര് മുത്തമിടും...? റെക്കോഡുകൾ പലകുറി തിരുത്തിയ കാരിച്ചാലോ...? അതോ ഏതുവമ്പനെയും നിലംപരിശാക്കിയ പാരമ്പര്യമുള്ള വീയപുരമോ...? അതോ ഓളപ്പരപ്പിലെ ഉസൈൻബോൾട്ടായ മേൽപാടമോ...? കുട്ടനാടൻ കരുത്തിന്റെ പര്യായമായ യു.ബി.സി കൈനകരിയുടെ തട്ടകത്തിലേക്കായിരിക്കുമോ....വെള്ളിക്കപ്പ് ചെന്നുകയറുക. അതോ പലതവണ ട്രോഫിയുമായി കോട്ടയം ജില്ലയിലേക്ക് തുഴഞ്ഞുപോയ കുമരകം ബോട്ട് ക്ലബിന്റെ ചില്ലലമാരയിലേക്കോ...? പോരാട്ടത്തിന്റെ വീര്യം കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

