സി.ബി.എല്ലിൽ ആദ്യ ഹാട്രിക് ജേതാവായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
text_fieldsആലപ്പുഴ കൈനകരിയില്‍ നടന്ന സി.ബി.എല്‍ രണ്ടാം സീസണിലെ ഏഴാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് ഒന്നാമതെത്തുന്നു
ആലപ്പുഴ: ഐ.പി.എൽ ക്രിക്കറ്റിന്റെ മാതൃകയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസൺ ഏഴാം മത്സരത്തിൽ പി.ബി.സി തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ഹാട്രിക് വിജയത്തോടെ ഒന്നാമതെത്തി. വള്ളംകളിയുടെ കളിത്തൊട്ടിലായ കൈനകരിയിലെ ട്രാക്കില്‍ അവസാന 50 മീറ്ററിൽ നടത്തിയ അവിശ്വസനീയ കുതിപ്പാണ് എൻ.സി.ഡി.സി നടുഭാഗത്തെ മറികടക്കാന്‍ മഹാദേവികാടിനെ സഹായിച്ചത്.
ഫൈനലില്‍ നടന്ന തീപാറുന്ന മത്സരത്തില്‍ ആദ്യ 700 മീറ്ററിലും എൻ.സി.ഡി.സി തുഴഞ്ഞ നടുഭാഗം വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്നു. ഒന്നര മീറ്ററിലധികം മുന്നിലായിരുന്ന അവര്‍ക്ക് അവസാന ലാപ്പില്‍ പി.ബി.സി മഹാദേവികാടിന്റെ തുഴവേഗത്തിന് മറുപടിയില്ലാതായി. മൂന്നാമതായി ചമ്പക്കുളം ഫിനിഷ് ചെയ്തു. യു.ബി.സി കൈനകരി തുഴഞ്ഞ ചെറുതന ചുണ്ടന് നാലാമതായി ഫിനിഷ് ചെയ്തു. വീയപുരം അഞ്ചാം സ്ഥാനത്തും പായിപ്പാടന് ആറാം സ്ഥാനത്തുമെത്തി. സെന്റ് പയസ് ടെന്ത് ഏഴും ദേവസ് ചുണ്ടന് എട്ടും ആയാപറമ്പ് പാണ്ടി ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി.
ഏഴ് മത്സരം പിന്നിട്ടപ്പോള്‍ പി.ബി.സി മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ (ഒന്ന് 68 പോയന്റ്) എന്‍.സി.ഡി.സി നടുഭാഗം ചുണ്ടന് (രണ്ട് 60 പോയന്റ്), കേരള പൊലീസ് ബോട്ട് ക്ലബ് ചമ്പക്കുളം (മൂന്ന് 52 പോയന്റ്), പുന്നമട ബോട്ട് ക്ലബ് വീയപുരം (നാല്, 50 പോയന്റ്), വേമ്പനാട് ബോട്ട് ക്ലബ് പായിപ്പാടന് (അഞ്ച്- 42 പോയന്റ്), യു.ബി.സി കൈനകരി ചെറുതന (ആറ്- 36 പോയന്റ്), ടൗണ്‍ ബോട്ട് ക്ലബ് സെന്റ് പയസ് ടെന്ത് (ഏഴ്- 24 പോയന്റ്), കെ.ബി.സി-എസ്.എഫ്.ബി.സി ആയാപറമ്പ് പാണ്ടി (എട്ട്- 23 പോയന്റ്), വില്ലേജ് ബോട്ട് ക്ലബ് ദേവസ് (എട്ട്- 23 പോയന്റ്) എന്നിങ്ങനെയാണ് സ്ഥാനവും പോയന്റും. പട്ടികയില്‍ ഒരേ പോയന്റ് വരുന്ന ടീമുകള്‍ സ്ഥാനം പങ്കിടും. തൊട്ടടുത്ത സ്ഥാനം ഒഴിവായി കണക്കാക്കും.
താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്), കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൈനകരി വള്ളംകളി ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി പി. പ്രസാദ്, കൊടിക്കുന്നേല്‍ സുരേഷ് എം.പി, തോമസ് കെ. തോമസ് എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയും അധികമായി ലഭിക്കും.