കളർകോടിനെ കളറണിയിച്ച് കുരുന്നുകൾ
text_fieldsമാധ്യമം ‘ലിറ്റിൽ ആർട്ടിസ്റ്റ് ’ചിത്ര രചന മത്സരം ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: ചിലർക്ക് കളിയായിരുന്നു, മറ്റ് ചിലർ ഗൗരവത്തിലുമായിരുന്നു. മൂഡ് പലതായിരുന്നുവെങ്കിലും അവർ എല്ലാവരും ചായങ്ങളാൽ വർണപ്രപഞ്ചമൊരുക്കി. അവ ഓരോന്നും ചിത്രകലയുടെ വ്യത്യസ്ത തലങ്ങളിലേക്ക് എത്തി. കളർ പെൻസിലുകളും ക്രയോണുകളും ചായക്കൂട്ടുകളും കൊണ്ട് ഗ്രാമക്കാഴ്ചകളും വനഭംഗിയും പൂക്കളുമെല്ലാം ചമച്ചൊരുക്കി. സ്കൂൾ വിദ്യാർഥികൾക്കായി മാധ്യമം സംഘടിപ്പിച്ച ‘ലിറ്റിൽ ആർട്ടിസ്റ്റ്’ചിത്ര രചന മത്സരം വർണങ്ങളുടെ പൂത്തിരി തീർത്തു. 700 ഓളം പ്രതിഭകളാണ് മത്സരത്തിനെത്തിയത്. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
പേൾ: കെ.ജി വിഭാഗം (കളറിങ് വിത്ത് ക്രയോൺസ്), ബട്ടർഫ്ലൈ: ഒന്ന്, രണ്ട് ക്ലാസുകൾ (കളറിങ് വിത്ത് ക്രയോൺസ്), റെയിൻബോ: മൂന്ന്, നാല് ക്ലാസുകൾ (ചിത്രരചന - കളറിങ് വിത്ത് ക്രയോൺസ്), പീകോക്ക്: യു.പി വിഭാഗം (ചിത്രരചന - വാട്ടർ കളർ), പിക്കാസോ: ഹൈസ്കൂൾ വിഭാഗം (ചിത്രരചന - വാട്ടർ കളർ) എന്നിങ്ങനെയാണ് മത്സരം സംഘടിപ്പിച്ചത്. പേൾ, ബട്ടർ ഫ്ലൈ, റെയിൻബോ വിഭാഗം മത്സരങ്ങളാണ് പങ്കാളിത്തത്താൽ ശ്രദ്ധേയമായയത്. തയാറാക്കി നൽകിയ ചിത്രങ്ങൾക്ക് കളർ നൽകി മനോഹരമാക്കുന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവരും പല വിധ ആവശ്യങ്ങളുള്ളവരും ഈ വിഭാഗം മത്സരത്തെ വ്യത്യസ്തമാക്കി. പേളിന് തവളയും ബട്ടർ ഫ്ലൈക്ക് പൂക്കളവും റെയിൻബോക്ക് ബംഗ്ലാവുമാണ് കളർ ചെയ്യാൻ നൽകിയത്.
ഗ്രാമങ്ങളുടെ തനത് സംസ്കാരത്തിന്റെ ഓർമകളുണർത്തുന്ന ഗ്രാമക്കാഴ്ചയാണ് യു.പി വിഭാഗത്തിന് വിഷയമായത്. മരക്കൊമ്പിലെ മയിലായിരുന്നു ഹൈസ്കൂൾ വിഭാഗം വരച്ചത്. എല്ലാ വർണങ്ങളും ഉപയോഗിക്കാൻ കഴിയുമെന്നതായിരുന്നു ഈ വിഭാഗത്തിന്റെ പ്രത്യേകത. ചിത്രകലാ അധ്യാപകരായ തോമസ് കുര്യൻ, രാകേഷ് അൻസേര, പ്രഭു ടി. മഠത്തിൽ പറമ്പ് എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.
ചിത്ര രചന മത്സരത്തിന് എത്തിയ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി സൈബർ സെക്യൂരിറ്റി അവയർനെസ്, ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രൊഡക്ട്സ് എന്നീവിഷയങ്ങളിൽ ഫെഡറൽ ബാങ്ക് പ്രതിനിധികൾ ബോധവത്കരണ ക്ലാസ് എടുത്തു. ബാങ്കിങ് മേഖലയിലെ വിവിധ വിഷയങ്ങളിൽ ക്ലാസുകളും സംഘടിപ്പിച്ചു. സുരക്ഷിത ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച ക്ലാസ് പ്രയോജനകരമായി. ഫെഡറൽ ബാങ്ക് കളർ കോട് ബ്രാഞ്ച് മാനേജർ നവനീത്, ഓഫീസർ മിഥുൻ എം. നായർ, ആലപ്പുഴ സാലറി റിലേഷൻഷിപ്പ് മാനേജർ ശങ്കർ പ്രസാദ്, സിജി എജുക്കേറ്റർ കെ.എസ്.എ കരീം എന്നിവർ ക്ലാസ് നയിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ, എസ്.ഡി കോളജ് എൻ.എസ്.എസ് വളന്റിയർമാർ, റിലയൻസ് ജീവനക്കാർ എന്നിവരും പരിപാടിയുടെ നടത്തിപ്പിൽ ഭാഗമായി.
സമൂഹത്തെ ചിന്താപരമായി നയിക്കുന്നതിൽ മാധ്യമത്തിന്റെ പങ്ക് അഭിനന്ദനാർഹം- പി.പി. ചിത്തരഞ്ജൻ എം.എൽ.എ
ആലപ്പുഴ: സമൂഹത്തെ ചിന്താപരമായി നയിക്കുന്നതിൽ മാധ്യമം വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്കായി മാധ്യമം സംഘടിപ്പിച്ച ലിറ്റിൽ ആർട്ടിസ്റ്റ് ചിത്ര രചന മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി വേദികൾ ഒരുക്കുന്നതിൽ മാധ്യമം നൽകുന്ന പ്രത്യേക ശ്രദ്ധയും മാതൃകാപരമാണ്. സമ്മാനം കിട്ടുകയെന്നതിലുപരി മത്സരങ്ങളിൽ പങ്കെടുക്കുകയെന്നതാണ് കുട്ടികൾ ലക്ഷ്യമാക്കേണ്ടത്. ഇതിന് രക്ഷാകർത്താക്കളും ശ്രദ്ധിക്കണം. ചിത്ര രചന മത്സരം കൂടുതൽ വിപുലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളുടെ സർഗശേഷി പരിപോഷിപ്പിക്കാനായി മാധ്യമം നടത്തുന്ന ചിത്രരചന മത്സരം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയേറെ വിദ്യാർഥികളുടെ വരമേളം ജില്ലയിലാദ്യം
ആലപ്പുഴ: എൽ.കെ.ജി മുതൽ ഹൈസ്കൂൾ വരെയുള്ള നൂറുകണക്കിന് വിദ്യാർഥികൾ ഒരേവേദിയിൽ അണിനിരന്ന് ചിത്രങ്ങളൊരുക്കിയത് ജില്ലയിലെ ആദ്യാനുഭവമായി. ഇതോടൊപ്പം ജനപങ്കാളിത്തത്താലും പരിപാടി വ്യത്യസ്തമായി. കളർകോട് റിലയൻസ് മാളിൽ നടന്ന മത്സരത്തിലേക്ക് ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നും മത്സരാർഥികൾ ഒഴുകിയെത്തുകയായിരുന്നു.
എൽ.കെ.ജി മുതൽ 10 ാം ക്ലാസ് വരെയുള്ള കാറ്റഗറിക്കായി നടത്തിയ മത്സരത്തിൽ 500 പേർക്കാണ് പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാൽ 700 ഓളം മത്സരാർഥികളാണ് നിശ്ചയിച്ച ദിവസത്തിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കളുടെ പങ്കാളിത്തം കൂടിയായതോടെ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പേ റിയലയൻസ് ഹാൾ തിങ്ങി നിറഞ്ഞിരുന്നു. കുട്ടികളുടെ പഠനസമയത്ത് രക്ഷിതാക്കൾക്കായി നടത്തിയ പഠന ക്ലാസ് പ്രയോജനകരമായെന്ന് പങ്കെടുത്തവർ പറഞ്ഞു. ഒരേ വേദിയിൽ ഇത്രയേറെ കുട്ടികളെ ഒന്നിച്ചിരുത്തിയ മത്സരം ജില്ലയിൽ ആദ്യമാണെന്ന് ചിത്രകലാ പ്രതിഭകൾ അഭിപ്രായപ്പെട്ടു.
ഇവർ സമ്മാനാർഹർ
ആലപ്പുഴ: ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി മാധ്യമം സംഘടിപ്പിച്ച ലിറ്റിൽ ആർട്ടിസ്റ്റ് ചിത്ര രചന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി സമ്മാനാർഹരായത് 15 പേർ. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. പേൾ: കെ.ജി വിഭാഗം (കളറിംഗ് വിത്ത് ക്രയോൺസ്), ബട്ടർഫ്ലൈ: ഒന്ന്, രണ്ട് ക്ലാസുകൾ (കളറിംഗ് വിത്ത് ക്രയോൺസ്), റെയിൻബോ: മൂന്ന്, നാല് ക്ലാസുകൾ (ചിത്രരചന - കളറിംഗ് വിത്ത് ക്രയോൺസ്), പീകോക്ക്: യു.പി വിഭാഗം (ചിത്രരചന - വാട്ടർ കളർ), പിക്കാസോ: ഹൈസ്കൂൾ വിഭാഗം (ചിത്രരചന - വാട്ടർ കളർ) എന്നിങ്ങനെയാണ് മത്സരം സംഘടിപ്പിച്ചത്.
സമ്മാനർഹർ: മത്സര വിഭാഗം, ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ:
പേൾ: ഇനായ അമാൽ (അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഇവ മന്ത്ര ആർ. (കാർമൽ ഇന്റർനാഷണൽ സ്കൂൾ പുന്നപ്ര), മുഹമ്മദ് സാഖിഫ് എസ്. (അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ),
ബട്ടർഫ്ലൈ: ദിയ കിരൺ (കാർമൽ ഇന്റർനാഷണൽ സ്കൂൾ പുന്നപ്ര), മുഹമ്മദ് ഇസിയാൻ (അൽഹുദ ഇംഗ്ലീഷ് സ്കൂൾ വണ്ടാനം), അൽഹാൻ റാസി (ലെറ്റർ ലാൻഡ്)
റെയിൻബോ: അമയ പി. അരുൺ ( ജ്യോതി നികേതൻ പുന്നപ്ര), അക്ഷയ ആർ. (ഗവ. ഹൈസ്കൂൾ പറവൂർ), ഗ്രീറ്റ ജെ. ജോർജ് (മാതാ സ്കൂൾ ആലപ്പുഴ).
പീകോക്ക്: നവനീത് കൃഷ്ണ എസ്. (ക്രിസ്റ്റ് സെൻട്രൽ സ്കൂൾ), ശ്രേയ എസ്. (എം.എം.ബി.എം യു.പി.എസ് താമല്ലായ്ക്കൽ), ദേവ ദർശൻ പി.എസ്. (ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ)
പിക്കാസോ: സാരംഗ് നാഥ് ജി.പി. (എസ്.എൻ.എം എച്ച്.എസ്.എസ് പുറക്കാട്), അബിൻ സുരേഷ് (ജി.ബി. എച്ച്.എസ് ഹരിപ്പാട്), തീർത്ഥ എസ്. (സി.എം.എസ് എച്ച്.എസ് കറ്റാനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

