റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കലക്ടറോട് പരാതി പറഞ്ഞ് കുരുന്നുകൾ
text_fieldsമാന്നാർ നായർ സമാജം ഗേൾസ് സ്കൂൾ വിദ്യാർഥികൾ കലക്ടർക്കൊപ്പം
ചെങ്ങന്നൂർ: റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ജില്ല ആസ്ഥാനത്തെത്തി കലക്ടറോട് പരാതി പറഞ്ഞ് കുരുന്നുകൾ. മാന്നാർ ഗ്രാമപഞ്ചായത്തിലെ കുരട്ടിശ്ശേരി പുഞ്ചപാടശേഖരത്തിനു നടുവിലൂടെ കടന്നുപോകുന്ന മൂർത്തിട്ട-മുക്കാത്തിരി റോഡ് തകർന്നുകിടക്കുകയാണ്. ഇതിലൂടെ സ്കൂൾ ബസുകൾ വരാത്തതിനാൽ കിലോമീറ്റർ നടന്നു സ്കൂളിലേക്കു പോകേണ്ട അവസ്ഥക്ക് പരിഹാരം കാണണമെന്ന പരാതിയുമായാണ് കുട്ടികൾ എത്തിയത്.
മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അംന ഫാത്തിമ, അഞ്ചാം ക്ലാസ് വിദ്യാർഥിനി നിമ ഫാത്തിമ, പരുമല സെമിനാരി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി അഖില, അക്ഷര സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി സ്വാലിഹ, മാവേലിക്കര ഇൻഫന്‍റ് ജീസസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹാതിം എന്നിവരാണ് കലക്ടർ കൃഷ്ണ തേജയെ നേരിൽക്കണ്ട് റോഡിന്‍റെ ശോച്യാവസ്ഥ അറിയിച്ചത്.
നവംബറിൽ തങ്ങളുടെ യൂട്യൂബ് ചാനലായ 'കുട്ടീസ് വൈബ്സി'ലൂടെ തകർന്ന റോഡിന്‍റെ ദൃശ്യങ്ങൾ പകർത്തി ശോച്യാവസ്ഥ ഇവർ പുറംലോകത്തെ അറിയിച്ചിരുന്നു. കലക്ടറെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ കലക്ടറുടെ ഓഫിസുമായി ബന്ധപ്പെട്ടതോടെ ബുധനാഴ്ച കലക്ടറേറ്റിൽ എത്തി കാണാനുള്ള അനുമതി ലഭിക്കുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ കലക്ടർ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ചെങ്ങന്നൂർ താലൂക്കിൽ ചക്കുളത്തുകാവ് പൊങ്കാലയുടെ അവധി ഉള്ളതിനാൽ സാധ്യമായില്ല. ലഭിച്ച പരാതി പഞ്ചായത്തിന് കൈമാറുമെന്നും ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും കുട്ടികൾക്ക് ഉറപ്പുനൽകിയ കലക്ടർ കുട്ടികളെ അരികിൽ നിർത്തി ഫോട്ടോ എടുക്കുകയും മിഠായി നൽകി യാത്രയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

