Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎല്ലാ വിഭാഗങ്ങളെയും...

എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിച്ചാണ് സർക്കാർ സഞ്ചരിക്കുന്നത്, കുപ്രചാരണങ്ങളെ തള്ളിയാണ് ജനങ്ങൾ കൂടെ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
Chief Ministers press conference in Alappuzha
cancel
camera_alt

ആലപ്പുഴയിലെ കലവൂർ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലയിലെ ആദ്യ പ്രഭാത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

ആലപ്പുഴ: നവംബർ 18 ന് ആരംഭിച്ച നവകേരള യാത്ര പതിനൊന്നാമത്തെ ജില്ലയിലാണ് ഇന്നലെ കടന്നതെന്നും വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മണ്ഡല കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന ജനാവലി മാത്രമല്ല, വഴിയോരങ്ങളിലാകെ കാത്തുനിന്ന് അഭിവാദ്യം ചെയ്യുന്ന ആയിരങ്ങൾ ഇതിൽ പങ്കാളികളാവുകയാണ്. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമരപോരാട്ടങ്ങളുടെ തീക്ഷ്ണമായ ജീവിതം നയിച്ചു മുന്നേറിയവരാണ് നമ്മുടെ നാട്ടിലെ കർഷക തൊഴിലാളികളും കയർ തൊഴിലാളികളും. ആലപ്പുഴയുടെ മണ്ണിൽ നിൽക്കുമ്പോൾ കയർ മേഖലയെ സ്പർശിക്കാതെ പോകാൻ കഴിയില്ല.. കേരളം രൂപീകൃതമായ വേളയിൽ സംസ്‌ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാർഷികേതര മേഖല കയർ വ്യവസായമായിരുന്നു. പിന്നീടത് കിതപ്പിലായെങ്കിലും ഇന്ന് കയർ മേഖല ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്.

കയർ വ്യവസായത്തെ ആധുനിക പാതയിലേക്ക് നയിച്ച രണ്ടാം കയർ പുനഃസംഘടന വലിയ മാറ്റമാണ് സൃഷ്ടിച്ചത്. കയർ മേഖലയ്ക്കായി കഴിഞ്ഞ ഏഴു വർഷം കൊണ്ട് ആകെ 1455 കോടി രൂപയാണ്. അതിനു മുൻപുള്ള അഞ്ചു വർഷം സർക്കാർ ചെലവ് 599 കോടി രൂപ ആയിരുന്നു എന്നറിയുമ്പോഴാണ് ചിത്രം പൂർണ്ണമാവുക. 2011- 16 കാലഘട്ടത്തിൽ 36771 ടൺ കയറാണ് ഉല്പാദിപ്പിച്ചിരുന്നത്. 2016 - 21 ൽ കയറുല്പാദനം 77218 ടണ്ണായി വർദ്ധിപ്പിച്ചു. 2021 മുതൽ 2023 ഒക്ടോബർ വരെ 51331 ടൺ ഉൽപാദിപ്പിച്ചിട്ടുണ്ട്.

2016 ൽ പ്രതിദിനം 1000 മുതൽ 4000 വരെ തൊണ്ട് സംസ്ക്കരിക്കുന്നതിന് സ്ഥാപിത ശേഷിയുളള 50 ഡീഫൈബറിംഗ് മില്ലുകളാണ് ഉണ്ടായിരുന്നത്. അതുവഴി 7000 ടൺ ചകിരിയാണ് അന്ന് ഉല്പാദിപ്പിച്ചത്. 2020 - 21 ൽ ഡീഫൈബറിംഗ് മില്ലുകളുടെ എണ്ണം 124 ആയി ഉയർത്തി. ഇതുവഴി പ്രതിദിനം 8000 മുതൽ ഒരു ലക്ഷം വരെ തൊണ്ട് സംസ്ക്കരിക്കാൻ ശേഷി വർദ്ധിപ്പിച്ചു. ആകെ 25047 ടൺ ചകിരി ഉല്പാദിപ്പിച്ചു. 2021 - 22 ൽ ഡീഫൈബറിംഗ് മില്ലുകളുടെ എണ്ണം 137 ആക്കി ഉയർത്തി. അതുവഴി 26000 ടൺ ചകിരി ഉല്പാദിപ്പിച്ചു.

60 വര്‍ഷത്തോളമായി പരിഹരിക്കപ്പെടാതിരുന്ന അശാസ്ത്രീയമായ കൂലി നിർണയപ്രശ്നം പരിഹരിക്കാനും ഏകീകൃത ഡിഎ ഘടന നടപ്പാക്കാനും, കൂലിയില്‍ പ്രതിദിനം 9% വര്‍ദ്ധനവ് വരുത്താനും കഴിഞ്ഞു. കയർ ഉൽപ്പന്ന മേഖലകളിലെ വൈവിധ്യവത്ക്കരണത്തിനായി പ്രത്യേകം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തെ തന്നെ പ്രമുഖമായ ഗവേഷണ സ്ഥാപനങ്ങളും, ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളും ചേർന്നാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുളളത്. ആലപ്പുഴയിൽ ആദ്യഘട്ടമായി 50 പേർക്ക് ദിവസം 600 രൂപ സ്റ്റൈപ്പന്റോടുകൂടി പരിശീലനം നൽകി വരുന്നു. 500 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക.

കയർ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് അടിയന്തിര പരിഹാരം നിർദ്ദേശിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഗോഡൗണുകളിൽ കെട്ടിക്കിടന്ന കയറും കയർ ഉത്പന്നങ്ങളും വിറ്റഴിക്കുന്നതിനുളള നടപടി സ്വീകരിച്ചു. മേഖലയിൽ സെൻസസ് പ്രവർത്തനങ്ങളും നടന്നു വരുന്നു.

ഒരു ജിയോ ടെക്നിക്കൽ മെറ്റീരിയൽ എന്ന നിലയിൽ കയർ ഭൂവസ്ത്രത്തിന് ലോകത്താകെ സിവിൽ എഞ്ചിനീയറിങ് മേഖലയിൽ വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. കയര്‍ ഭൂവസ്ത്രത്തിന്റെ ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിനുള്ള വലിയ ശ്രമമാണ് നടന്നു വരുന്നത്. 2016 ന് ശേഷം കയര്‍ഭൂവസ്ത്രത്തിന്‍റെ വിപണനം അഞ്ചിരട്ടിയിലധികം വര്‍ദ്ധിച്ചു. ഈ വര്‍ഷം ഇത് റിക്കോര്‍ഡ് വര്‍ദ്ധനവിലെത്തും.

വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ഖനികളിൽ കയർ ഭൂവസ്ത്രം വിരിക്കുവാനുള്ള പ്രൊജക്റ്റ് തയാറാക്കി. ഒറീസയിലെ ഒരു കൽക്കരി ഖനിയിൽ കയർഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുളള ഓർഡർ കയർ കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്. റെയിൽവേയുടെ വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കുവാനുള്ള പ്രൊജക്റ്റ് റെയിൽവേ ബോർഡ് അംഗീകരിച്ചാൽ വലിയൊരു വിപണി തുറന്നു കിട്ടും.

ചെറുകിട ഉല്‍പ്പാദക സംഘങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കിംഗ് ക്യാപിറ്റല്‍ നല്‍കി അവരുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുത്തു. ഏഴു വർഷം കൊണ്ട് ആകെ 38.12 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തനായി ചെലവഴിച്ചു.

വിപണിയിലെ മാന്ദ്യവും, ഓര്‍ഡറുകളുടെ ക്ഷാമവും ഉണ്ട് എന്ന വസ്തുത നില നില്‍ക്കുമ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വഴി ഇടപെടലുകള്‍ നടത്തി. ഇതിന്റെ ഫലമായി സ്ഥാപനങ്ങളിലെ വിറ്റുവരവ് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കയര്‍ കോര്‍പ്പറേഷന്‍ പുതിയ മെത്ത നിര്‍മ്മാണ യൂണിറ്റ്, കയര്‍ഫെഡ് പിവിസി ടഫ്റ്റിംഗ് യൂണിറ്റ് എന്നിവ തുടങ്ങിയിട്ടുണ്ട്.

ഒരു ഘട്ടത്തിൽ തകർന്നു പോകും എന്ന് കരുത്തപ്പെട്ട കയർ മേഖല ഇത്തരത്തിൽ വൈവിദ്ധ്യത്തിന്റെയും ഉണർവ്വിന്റെയും പാതയിലാണ് കേരളത്തിലെ പരമ്പരാഗത മേഖലയ്ക്ക് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതാണ് ഇതെല്ലാം കാണിക്കുന്നത്. ഇങ്ങനെ, ഓരോ വിഭാഗങ്ങളെയും ചേർത്തു പിടിച്ചാണ്, സർക്കാർ മുന്നോട്ടു പോകുന്നത്. അത് കൊണ്ട് തന്നെയാണ് എല്ലാ കുപ്രചാരണങ്ങളെയും തള്ളി ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ 42,656 നിവേദനങ്ങൾ ലഭിച്ചു. കോട്ടയം - 4512, പുതുപ്പള്ളി - 4313 , കാഞ്ഞിരപ്പള്ളി - 4392, ചങ്ങനാശേരി -4656, കടുത്തുരുത്തി -3856, പൂഞ്ഞാർ - 4794, പാലാ- 3668, ഏറ്റുമാനൂർ -4798, വൈക്കം -7667, ആലപ്പുഴ ജില്ലയിൽ അരൂർ - 7216, ചേർത്തല - 6965.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Minister
News Summary - Chief Minister's press conference in Alappuzha
Next Story