വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നു
text_fieldsവള്ളികുന്നം: പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ വീടുകളിലും ഫാമുകളിലും വളർത്തിയിരുന്ന കോഴികൾ കൂട്ടത്തോടെ ചാകുന്നത് ആശങ്ക പരത്തുന്നു. കടുവിനാൽ, കാഞ്ഞിരത്തിൻമൂട് വാർഡുകളിലാണ് കോഴികൾ കൂട്ടമായി ചാകുന്നത്. പള്ളിയുടെ തെക്കതിൽ നജിം, പുന്നവട്ടത്ത് ഗോപൻ, തോമ്പിയിൽ ബിനുലാൽ എന്നിവരുടെ ഫാമുകളിൽ വളർത്തിയിരുന്ന നൂറു കണക്കിന് കോഴികളാണ് ദിവസങ്ങൾക്കുള്ളിൽ ചത്തത്.
കടുവിനാൽ സ്വദേശിനികളായ ഹസീന, മഹിള, ലക്ഷംമുക്ക് സ്വദേശിനി റസീന എന്നിവരുടെ വീടുകളിൽ വളർത്തിയ മുട്ടക്കോഴികളും മേലാത്തറ കോളനിയിൽ വളർത്തിയിരുന്ന കോഴികളും ചത്തു. രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ് ഇവ ചത്ത് വീഴാൻ തുടങ്ങിയത്.
പരിസരത്തെ മൃഗാശുപത്രിയിൽ നിന്നും തുള്ളിമരുന്ന് വാങ്ങി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. മൃഗാശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ പക്ഷി പനിയല്ലെന്ന് സ്ഥിരീകരിച്ചു. തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ നടത്തിയ പരിശോധനയിൽ കോഴി വസന്തയാണെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ നിന്നും കൂടുതൽ പരിശോധനാക്കായി സാമ്പിൾ സംസ്ഥാന ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഫലം ലഭിച്ചാൽ മാത്രമെ രോഗമെന്താണെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ സാധ്യമാകൂവെന്ന് ചീഫ് വെറ്റിറിനറി ഓഫീസർ ഡോ. എസ്. രമ പറഞ്ഞു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
തിങ്കളാഴ്ച 50 ഉം ചൊവ്വാഴ്ച 48 ഉം കോഴികൾ ചത്തതായാണ് ഔദ്യോഗിക സ്ഥിരികരണം. എന്നാൽ റിപ്പോർട്ട് ചെയ്യാതെ നൂറ് കണക്കിന് കോഴികളെ കുഴിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കോഴി കർഷകരുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ അടിയന്തിര ഇടപെടലുകളുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

