ആലപ്പുഴ: കോഴിവില ദിനേന വർധിക്കുകയാണ്. 155-165 രൂപ വരെയാണ് വ്യാഴാഴ്ചത്തെ വില. 85 മുതൽ 90 രൂപ വരെയുണ്ടായിരുന്ന കോഴിക്ക് കുറഞ്ഞ ദിവസങ്ങൾകൊണ്ടാണ് 70 രൂപയോളം കൂടിയത്.
160 രൂപയായിരുന്ന ഇറച്ചിക്ക് 250 മുതൽ 260 വരെയായി വില. ഉൽപാദനം കുറഞ്ഞതോടെയാണ് വിലയിലെ കുതിച്ചുചാട്ടം. കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്കയും കനത്ത ചൂടിൽ കോഴികളുടെ പരിപാലന ചെലവ് വർധിക്കുന്നതും മുന്നിൽ കണ്ട് ഫാമുകാർ കുഞ്ഞുങ്ങളെ വാങ്ങാതിരുന്നതാണ് പ്രതിസന്ധിയായത്.
കോഴിത്തീറ്റ വിലയിൽ 40 ശതമാനംവരെ വർധനയുണ്ടായതോടെ ഫാം നടത്തിപ്പുകാർ പിൻവാങ്ങി നിന്നതും പ്രശ്നമായി. പ്രാദേശിക ഫാമുകളിൽ ഒരുമാസത്തിലേറെയായി 30 ശതമാനം മാത്രമാണ് കോഴിയുള്ളത്. ഫെബ്രുവരി ഒന്നിന് 92 രൂപയായിരുന്നു വില. നാലിന് 97 രൂപയായി. 10ാം തീയതിയായപ്പോഴേക്കും ഇത് 100ലെത്തി. 15ന് 110 മുതൽ 120 രൂപയായി. 20 മുതലാണ് വിലയിൽ വലിയ മാറ്റമുണ്ടായത്.
വില വർധിച്ചതോടെ കച്ചവടം കുറഞ്ഞതിനാൽ വ്യാപാരികൾ നഷ്ടത്തിലാണ്. ഹോട്ടലുകളുടെ സ്ഥിതിയും സമാനമാണ്. കോഴിക്ക് വില കൂടുന്നതോടെ മൊത്തവ്യാപാര വിലയിൽ കോഴി കിട്ടുമ്പോഴും ലാഭം നേരിയതാകും. അളവ് കുറക്കേണ്ടിവരുകയുമാണ് ഹോട്ടലുകാർക്ക്.
വരും ദിവസങ്ങളിൽ വലിയതോതിലല്ലെങ്കിലും വില കുറയാൻ സാധ്യത കാണുന്നുണ്ടെന്നും കച്ചവടം നടക്കാത്തതിനാൽ വ്യാപാരികൾ നഷ്ടത്തിലാണെന്നും ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു. റമദാൻ നോമ്പ് പ്രതീക്ഷയിൽ ലോക്കൽ ഫാമുകളിൽ വളരുന്ന കോഴികളും തമിഴ്നാട്ടിൽ ലഭ്യത വർധിക്കുന്നതും അടക്കം കാരണങ്ങളാൽ രണ്ടാഴ്ചക്കുള്ളിൽ ക്ഷാമം തീരുന്നതോടെയാണ് വില വ്യത്യാസം പ്രതീക്ഷിക്കുന്നത്.