കോഴിത്തീറ്റ വില കൂടി; വലഞ്ഞ് കർഷകർ
text_fieldsആലപ്പുഴ: കോഴിത്തീറ്റ വിലവർധനവിൽ വലഞ്ഞ് കർഷകർ. ഒരുചാക്ക് തീറ്റക്ക് ഒറ്റയടിക്ക് 350രൂപ കൂടിയതോടെ 50 കിലോയുടെ വില 2300 രൂപയായി. അപ്രതീക്ഷിത വിലക്കയറ്റം നിലനിൽപിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. സാധാരണ 1000 ഇറച്ചിക്കോഴികളെ വളർത്തുന്ന കർഷകന് ഏകദേശം കുറഞ്ഞത് 70 ചാക്ക് തീറ്റയെങ്കിലും വേണം. ഒരുചാക്കിന് 350 രൂപ വർധിച്ചതോടെ മാത്രം 30,000 മുതൽ 40,000 രൂപ വരെ അധിക ചെലവ് വേണ്ടിവരും. ഇതിന് വൈദ്യുതി, മരുന്ന്, തൊഴിലാളി വേതനം, കോഴിക്കുഞ്ഞുങ്ങളുടെ വില എന്നിവക്കും തുക കണ്ടെത്തണം. കോഴിവളർത്തലിൽ പ്രധാനചെലവിന്റെ 60 മുതൽ 70 ശതമാനം വരെ തീറ്റക്കാണ് പോകുന്നത്.
ചോളം, സോയാബീൻ, മറ്റ് ധാന്യങ്ങൾ എന്നിവയുടെ വില വർധിച്ചതും ഇറക്കുമതി ചെലവ് കൂടിയതുമാണ് തീറ്റവില ഉയരാൻ പ്രധാന കാരണം. കേന്ദ്രതലത്തിൽ ധാന്യവില ഉയരുന്നതും ഇന്ധനവിലകൂടി ഗതാഗതചെലവിലെ വർധനയും വിപണിയെയും ബാധിക്കും.
വിലക്കയറ്റം തുടർന്നാൽ പല ചെറുകിട കർഷകരും കോഴിവളർത്തൽ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ട്. നിലവിൽ ബാങ്ക് വായ്പയെടുത്തും സ്വകാര്യ ധനസഹായം ആശ്രയിച്ചുമാണ് കൃഷി നടത്തുന്നത്. ലാഭം കുറഞ്ഞതോടെ വായ്പ തിരിച്ചടവും പ്രതിസന്ധിയിലാകും ഒരു ദിവസം മുതൽ 40-45 ദിവസം പ്രായമുള്ള ഒരു കോഴിക്ക് കുറഞ്ഞത് നൂറു രൂപക്ക് മുകളിൽ പരിപാലനച്ചെലവ് വരും. എന്നാൽ, കർഷകന് കിട്ടുന്നത് 110-120 രൂപ മാത്രമാണ്. തീറ്റവില ഉയർന്നതിന്റെ പ്രതിഫലനം വിപണിയിലുമുണ്ടാകും. നിലവിൽ ഇറച്ചിക്കോഴി വിലയിൽ വലിയ വർധനയില്ലെങ്കിലും അടുത്ത ആഴ്ചകളിൽ ചിക്കൻ വില കൂടൂമെന്ന് വ്യാപാരികൾ പറയുന്നു. ചെലവ് വർധിച്ച സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസമായി സർക്കാർ ഇടപെടലും സബ്സിഡി സംവിധാനവും വേണമെന്നാണ് ഓൾ കേരള പൗൾട്രി ഫെഡറേഷന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

