മികച്ച ഹാർബറാകാൻ ഒരുങ്ങി ചെത്തി കടപ്പുറം
text_fieldsആലപ്പുഴ: തീരദേശവാസികളുടെ സ്വപ്നപദ്ധതിയായ ചെത്തി ഹാര്‍ബര്‍ യാഥാർഥ്യമാക്കുന്ന നടപടികൾ മുന്നോട്ട്. ജില്ലയിലെ വലിയ ഹാർബറുകളിലൊന്നാകാനാണ് ഇവിടം ഒരുങ്ങുന്നത്.പുലിമുട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. 1620 മീറ്ററാണ് പുലിമുട്ടിന്റെ ആകെ നീളം. തെക്കേ പുലിമുട്ടിന്റെ 140 മീറ്ററും വടക്കേ പുലിമുട്ടിന്റെ 200 മീറ്ററും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് പുലിമുട്ടുകളുടെയും നിർമാണം പൂർത്തിയാക്കാൻ നാല് ലക്ഷം ടൺ കല്ലുകളാണ് വേണ്ടത്. ശേഷിക്കുന്ന പുലിമുട്ട് നിർമാണവും വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
111 കോടി രൂപ ചെലവിൽ 970 മീറ്ററും 650 മീറ്ററും നീളത്തിലുള്ള രണ്ട് പുലിമുട്ടുകൾ, ഏഴ് മീറ്റർ നീളമുള്ള വാര്‍ഫ്, ഒരു ലേലഹാൾ എന്നിവയും അപ്രോച്ച് ചാനൽ, ബേസിൻ, ചെത്തിപ്പുഴ ചാനൽ എന്നിവിടങ്ങളിൽ ഡ്രെഡ്ജിങ്, 115 മീറ്റർ നീളവും 13 മീറ്റര്‍ വീതിയുമുള്ള ഇന്റേണൽ റോഡ്, പാര്‍ക്കിങ് ഏരിയ, ഹാര്‍ബറിലേക്ക് അപ്രോച്ച് റോഡ്, വാഹന ഗതാഗതം നിയന്ത്രിക്കാനുള്ള മെയിൻ ഗേറ്റും രണ്ട് വിക്കറ്റ് ഗേറ്റുകളോടും കൂടിയ ഗേറ്റ് ഹൗസ് എന്നിവയാണ് ഇവിടെ നിര്‍മിക്കുന്നത്.
ഹാര്‍ബറിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ഒ.എച്ച് ടാങ്കും സജ്ജമാക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വലിയ ഹാര്‍ബറുകളിലൊന്നായി ചെത്തി ഹാര്‍ബർ മാറും.തീരദേശ മേഖലയിൽതന്നെ വലിയ വികസനവും സമീപ പ്രദേശത്തുള്ളവര്‍ക്ക് തൊഴിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം കടലിൽനിന്ന് മത്സ്യവുമായി എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കിലോമീറ്ററുകൾ താണ്ടി നീണ്ടകരയിലേക്കും കൊച്ചിയിലേക്കും പോകേണ്ടി വരുന്ന അവസ്ഥക്കും മാറ്റംവരും.
2018-19ലെ ബജറ്റില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് 111 കോടി രൂപ അനുവദിച്ചത്. 2021 നവംബര്‍ അഞ്ചിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാലവര്‍ഷത്തില്‍ ജോലികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.ഈ കാലതാമസം പരിഹരിക്കാനും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനും കൂടുതൽ സമയം ജോലി ചെയ്ത് പരമാവധി വേഗത്തിൽ പൂർത്തിയാക്കാനുമാണ് ശ്രമമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

