പോക്സോ കേസില്‍ സി.പി.ഐ നേതാവ് അറസ്റ്റിൽ
text_fieldsസി.വി. സതീശന്
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സി.പി.ഐ നേതാവ് അറസ്റ്റിൽ. പട്ടികജാതി സഹകരണ സംഘം പ്രസിഡന്റും പാർട്ടി ചേര്‍ത്തല തെക്ക് മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുറുപ്പന്‍കുളങ്ങര വി.വി ഗ്രാം കോളനിയില്‍ സി.വി. സതീശനെയാണ് (51) അറസ്റ്റ് ചെയ്തത്. അര്‍ത്തുങ്കല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ജി. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിൽ നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടിക്കുനേരെ അതിക്രമം നടത്തിയതായാണ് കണ്ടെത്തിയത്. അറസ്റ്റിനെത്തുടര്‍ന്ന് കൂടിയ അടിയന്തര മണ്ഡലം കമ്മിറ്റി യോഗം ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി.

