തെരഞ്ഞെടുപ്പ് ചൂടിലേക്ക് താരങ്ങളായി 'വയോദമ്പതികൾ'
text_fieldsവയോദമ്പതികളുടെ വേഷത്തിൽ ചന്ദ്രശേഖരനും ചാക്കോയും
ചേർത്തല: ഒരു കൈയിൽ പെൻഷൻ തുകയും മറുകൈയ്യിൽ ഐസ്ക്രീമും കഴിച്ച് റോഡിലൂടെ കുശലം പറഞ്ഞു നടന്ന വൃദ്ധ ദമ്പതികളെ കണ്ടപ്പോൾ നാട്ടുകാർക്ക് ചിരിയും അതിലേറെ ആവേശവും. ആദ്യ നോട്ടത്തിൽ വൃദ്ധ ദമ്പതികളായി തോന്നുമെങ്കിലും അടുത്തു വന്നവർക്കാണ് വേഷപ്പകർച്ചയാണ് ഇതെന്ന് തിരിച്ചറിയാനായത്.
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയിലെ ഭക്ഷണ വിതരണത്തിൽ വർഷങ്ങളായി പങ്കാളികളായ സുഹൃത്തുക്കൾ ചേർന്നാണ് ഇങ്ങനെയൊരു ചിത്രീകരണം നടത്തിയത്. 70 വയസ്സ് തോന്നിക്കുന്ന വൃദ്ധയ്ക്ക് ചട്ടയും മുണ്ടും കഴുത്തിൽ കൊന്തയുമാണ് വേഷം. ഇവരുടെ കൂടെ വാചകമടിച്ചു നടക്കുന്ന 80 വയസ്സ് തോന്നിക്കുന്ന ഭർത്താവ്. ഇരുവരുടെയും നെഞ്ചിലും മുതുകിലും ''ഉറപ്പാണ് എൽ.ഡി.എഫ് എന്നെഴുതിയ ബോർഡും ഉണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രസാദിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് ഇങ്ങനൊരു വേഷമിട്ടതെന്ന് ഇരുവരും പറഞ്ഞു.
ചേർത്തല നഗരസഭ 4ാം വാർഡ് പുതുവൽ നികർത്തിൽ ചന്ദ്രശേഖരനും വാരനാട് വിപഞ്ചികയിൽ ചാക്കോയുമാണ് തെരഞ്ഞെടുപ്പ് ചൂടിലെ താരങ്ങളായിമാറിയത്. നാടക-ചലച്ചിത്ര നടിയും കാഥികൻ മുതുകുളം സോമനാഥിെൻറ ഭാര്യയുമായ ചേർത്തല തങ്കമാണ് മേക്കപ്പ് ചെയ്തത്.

