തെങ്ങിന് മുകളിൽ മയങ്ങിവീണയാൾക്ക് അഗ്നിരക്ഷ സേന രക്ഷകരായി
text_fieldsചേർത്തല: അഗ്നിരക്ഷ സേനയുടെ സമയോചിത ഇടപെടലിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് ജീവൻ തിരുച്ചുകിട്ടി. നഗരസഭ 12ആം വാർഡിൽ കൊയ്ത്തുരുത്ത് വെളി ബാബുലാലാണ് (62) മരണത്തെ മുഖാമുഖം കണ്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.
വ്യാഴാഴ്ച രാവിലെ 10.30ഓടെ നഗരസഭ 14ആം വാർഡ് സൂര്യ നിവാസിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിൽ ബാബുലാൽ തെങ്ങ് കയറാനെത്തിയപ്പോഴാണ് സംഭവം.
തെങ്ങുകയറി മുകളിലെത്തിയപ്പോൾ ഓലകൾക്കിടെ മയങ്ങിവീഴുകയായിരുന്നു. ഒരു കൈമാത്രം ഓലകൾക്കിടെ ഉടക്കി താഴേക്ക് തൂങ്ങിക്കിടന്ന ബാബുലാലിനെ രക്ഷപ്പെടുത്താൻ രാധാകൃഷ്ണൻ നായർ ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഓടിയെത്തിയ അഗ്നിരക്ഷ സ്റ്റേഷൻ ഓഫിസർ പി. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഏണിവെച്ച് കയറി ബാബുലാലിനെ താഴെയിറക്കി. രക്തസമ്മർദത്തിന് സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടായിരുന്ന ബാബുലാലിന് പ്രാഥമിക ചികിത്സനൽകി വീട്ടിലെത്തിച്ചു.
സീനിയർ സ്റ്റേഷൻ ഓഫിസർ ആർ. മധു, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പി.ആർ. രതീഷ്, ജി. നിധീഷ്, പി.എ. അനീഷ്, പി. അജി, പി. ജിനു മോൻ, സി.ജെ. സെബാസ്റ്റ്യൻ, ബി. രാധാകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.