ആലപ്പുഴ ജില്ലയിൽ ഫീഡർ സ്റ്റേഷനുകൾ ഒരുങ്ങി: സർവിസ് ഈ മാസം തുടങ്ങിയേക്കും
text_fieldsചേർത്തലയിൽ സജ്ജമായ ഫീഡർ സ്റ്റേഷൻ ബസുകൾ
ചേർത്തല: കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം -കോഴിക്കോട് 'ബൈപാസ് റൈഡർ' ബസ് സർവിസിന് ജില്ലയിലെ വിവിധ ഡിപ്പോകളിൽ ഫീഡർ സ്റ്റേഷനുകൾ ഒരുങ്ങി. ഫീഡർ സർവിസ് ബസുകളും സജ്ജമാണ്. ഈ മാസംതന്നെ പ്രവർത്തനം തുടങ്ങിയേക്കും. സ്റ്റാൻഡുകളിൽ കയറാതെ ബൈപാസിലൂടെ മാത്രം നിശ്ചിത സ്റ്റോപ്പിൽ നിർത്തി വേഗത്തിൽ സഞ്ചരിക്കുന്നതാണ് ബൈപാസ് റൈഡർ ബസ്. സംസ്ഥാന അടിസ്ഥാനത്തിൽ ജനുവരി അവസാനത്തോടെ ഇത് തുടങ്ങാനാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി.
ബൈപാസിലൂടെ അരമണിക്കൂർ ഇടവിട്ട് റൈഡർ കടന്നുപോകും. ചേർത്തല ബൈപാസിൽ എക്സ്റേ കവലക്ക് തെക്കുഭാഗത്താണ് ബൈപാസ് റൈഡറിന് സ്റ്റോപ്പുള്ളത്. ബൈപാസ് റൈഡറിൽ കയറാൻ റിസർവ് ചെയ്തിരിക്കുന്നവർക്കും റിസർവ് ചെയ്യാതെ കയറാനെത്തുന്നവർക്കും ഇവിടെ രണ്ടു വശത്തുമുണ്ടാകുന്ന ബൈപാസ് ഫീഡർ സ്റ്റേഷൻ ബസിൽ വിശ്രമിക്കാം. ഒരേസമയം 30 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഫാനും ഇതിലുണ്ടാകും. റിസർവ് ചെയ്ത യാത്രക്കാരെ സഹായിക്കാനും ചെയ്യാത്തവർക്ക് ബൈപാസ് റൈഡറിൽ സീറ്റ് ഉണ്ടോയെന്ന് അന്വേഷിക്കാനും ഉൾപ്പെടെ ഇവിടെ ജീവനക്കാർ ഉണ്ടാകും.
ബൈപാസ് റൈഡറിലെത്തി ഫീഡർ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് സ്റ്റാൻഡിലേക്ക് പോകണമെങ്കിൽ അതിനായി രണ്ട് ബസും (ഫീഡർ സർവിസ്) സൗജന്യമായി ക്രമീകരിക്കും. ഈ ബസിൽ മറ്റ് യാത്രക്കാർക്ക് കയറാമെങ്കിലും ടിക്കറ്റ് എടുക്കണം. ഫീഡർ സ്റ്റേഷനുകളായും ഫീഡർ സർവിസിനായും ചേർത്തല ഡിപ്പോയിലെ നാല് ബസ് രൂപമാറ്റം വരുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴയിൽ മൂന്ന് ഫീഡർ സ്റ്റേഷനാണ് സജ്ജമായിട്ടുള്ളത്. എക്സ്പ്രസ് ട്രെയിൻ മാതൃകയിൽ ദീർഘദൂര യാത്രക്കാർക്ക് സ്റ്റാൻഡുകളിൽ ബസ് കയറുന്നതിലൂടെയും റോഡുകളിലെ ഗതാഗതക്കുരുക്കിൽപെട്ടും സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്ന സംവിധാനമാണ് ബൈപാസ് റൈഡർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ തുടങ്ങിയേക്കുമെന്ന് ചേർത്തല എ.ടി.ഒ സാം 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

