സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ജനപ്രതിനിധികളടക്കം 20ഓളം പേർക്ക് പരിക്ക്
text_fieldsകണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന സ്വിഫ്റ്റ് ബസ്
ചേർത്തല: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയുടെ പിന്നിലിടിച്ച് ജനപ്രതിനിധികളടക്കം 20ഓളം പേർക്ക് പരിക്ക്. ദേശീയപാതയിൽ വയലാർ കവലയിൽ വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് അപകടം.
വയനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ് 66 സ്വിഫ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. മാനന്തവാടി പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന (26), പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ (50), നഗരസഭ ജീവനക്കാരി സോഫി എന്നിവരടക്കം ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. ഗിരിജാകൃഷ്ണന്റെ മൂക്കിന്റ അസ്ഥിക്ക് പൊട്ടലും കണ്ണിന് താഴെ ചതവും ഉണ്ട്.
ഇവർ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ട് ആറിന് വയനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പ്രസിഡന്റുമാരുടെയും ചെയർമാൻമാരുടെയും യോഗത്തിൽ പങ്കെടുക്കാനാണ് ജനപ്രതിനിധികൾ പോയത്. ബസിന്റെ മുൻവശം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ മനോജ് അടക്കം മറ്റ് യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.