72 ദിവസം, 15 സംസ്ഥാനങ്ങൾ; ഫൈസലിന് ഇനി സൈക്കിളിൽ ലോകം ചുറ്റണം
text_fieldsഫൈസൽ ഹിമാലയൻ താഴ്വരയിൽ
പാണാവള്ളി: ഫൈസലിന് ഇനി സൈക്കിളിൽ ലോകം ചുറ്റണം. 72 ദിവസംകൊണ്ട് ഇന്ത്യയിലെ 15 സംസ്ഥാനങ്ങൾ സൈക്കിളിൽ സഞ്ചരിച്ച് ജന്മദേശമായ പാണാവള്ളിയിൽ തിരിച്ചെത്തിയതേയുള്ളൂ, ഈ 17കാരൻ. പാണാവള്ളി പത്താം വാർഡ് തങ്കശ്ശേരി പടിപ്പുരയ്ക്കൽ സിറാജുദ്ദീെൻറ മകൻ ഫൈസൽ ആദ്യം ചവിട്ടിവിട്ടത് കോട്ടയം ജില്ലയിലെ ഇല്ലിക്കൽകല്ലിലേക്കാണ്. രാവിലെ സൈക്കിളിൽ കയറി രാത്രി തിരിച്ചെത്തി. സൈക്കിളിൽ ഇല്ലിക്കൽകല്ലിനു താഴത്തെ എത്തൂ. പിന്നെ കുത്തനെ മൂന്ന് കിലോമീറ്റർ ഒറ്റക്ക് നടന്നുകയറണം.
പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുമ്പോഴായിരുന്നു ഒറ്റ ദിവസത്തെ സൈക്കിൾ യാത്ര. അന്ന് കൂടെ കൂടിയതാണ് സാഹസികത. 2019 ജനുവരി ഒന്നിനു പുറപ്പെട്ടു. കേരളം ഒന്നു ചുറ്റിക്കറങ്ങാൻ, സൈക്കിളിൽ തന്നെ. നാലാം ദിവസം വീട്ടിൽ തിരിച്ചെത്തി. പിന്നെയാണ് ഫൈസൽ ഇന്ത്യ കണ്ടെത്താൻ 72 നാൾ നീണ്ട സൈക്കിൾ യാത്ര നടത്തിയത്.
2020 ഡിസംബർ 29ന് പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സി.ഐ അജയ് മോഹൻ ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങി. മൈസൂരു, ബംഗളൂരു, ആന്ധ്രപ്രദേശ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ ചുറ്റി. കർഷക സമരത്തിനിടെ ജനുവരി 25, 26 തീയതികളിൽ ഡൽഹിയിൽ. പിന്നെ നാട്ടിലേക്ക് തിരിച്ചു.
രാജ്യത്തിെൻറ ഹൃദയത്തിലൂെട കടന്നുപോയേപായപ്പോഴും ഓർമയിൽ നിൽക്കുന്നത് ഡൽഹിയിലെ പ്രക്ഷുബ്ധമായ സമരക്കാഴ്ചകൾ ആണെന്ന് ഫൈസൽ പറയുന്നു. ടെൻറ് കെട്ടിയാണ് യാത്രകൾക്കിടയിലെ ഉറക്കം. സുരക്ഷിതമായ സ്ഥലങ്ങളായി ചിലപ്പോൾ പെട്രോൾപമ്പും അതുപോലുള്ള സ്ഥലങ്ങളും തെരഞ്ഞെടുക്കാറുണ്ട്. പലപ്പോഴും ഗുജറാത്തിലും പഞ്ചാബിലും മറ്റും ഗുരുദ്വാരങ്ങളിൽ ഉറങ്ങി.
എക്സൈസ് വകുപ്പിൽ ഓഫിസർ ആകാനാണ് ഫൈസലിെൻറ ആഗ്രഹം. എങ്കിലും അതിനുമുമ്പ് സൈക്കിളിൽ ലോകം ചുറ്റണം.