ചേർത്തലയിൽ 1.2 കോടിയുടെ പുകയില ഉൽപന്നം പിടികൂടി
text_fieldsചേർത്തല: ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ കിഴങ്ങുമായെത്തിയ ലോറിയിൽ കടത്താൻ ശ്രമിച്ച 1.2 കോടി വിലവരുന്ന നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പൊലീസ് പിടികൂടി. വലിയ പ്ലാറ്റ്ഫോം ലോറിയിൽ കിഴങ്ങ് ചാക്കുകൾക്കടിയിലാണ് ഹാൻസ് കടത്താൻ ശ്രമിച്ചത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ രണ്ടുപേർ പിടിയിലായി.
ഓരോ ചാക്കിലും 1500ഓളം പാക്കറ്റ് വീതം 100 ചാക്കുകളാണ് ഉണ്ടായിരുന്നത്. ബംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നാണ് വിവരം. സേലം ആറ്റൂർ തുമ്പൽ തേർക്കുകാടായ് വീഥിയിൽ അരുൾമണി (29), സേലം ഓമല്ലൂർ കനവൈപുധൂർ കെ.എൻ. പുധൂർ രാജശേഖർ (29)എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ചേർത്തല പൊലീസ് ദേശീയപാതയിൽ പരിശോധന നടത്തിയത്.
പുലർച്ച ഒന്നരയോടെ അർത്തുങ്കൽ ബൈപാസിനു സമീപമാണ് സംശയകരമായി ലോറി കണ്ടത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയാണ് ലോറി സ്റ്റേഷനിലെത്തിച്ചത്. രാവിലെ ലോറിയിൽനിന്ന് കിഴങ്ങ് ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് കള്ളിവെളിച്ചത്തായത്. അടിയിൽ പുകയില ഉൽപന്നങ്ങൾ നിറച്ച ചാക്കുകളും അതിനുമുകളിൽ 280 ചാക്കുകളിൽ കിഴങ്ങും അടുക്കിയിരിക്കുകയായിരുന്നു. ഓരോ സ്ഥലങ്ങളിലും നിശ്ചിതചാക്കുകൾ ഇറക്കിയായിരുന്നു ഇവരുടെ യാത്ര. സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡിവൈ.എസ്.പി ടി.ബി. വിജയൻ പറഞ്ഞു. സംസ്ഥാനത്ത് പാക്കറ്റൊന്നിന് 80 മുതൽ 100രൂപവരെയാണ് ഇതിന് വില. സ്കൂളുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘങ്ങളാണ് പിന്നിലെന്നാണ് സൂചന. പിടിയിലായവരുടെ ഫോൺനമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

