അനാസ്ഥയുടെ കേന്ദ്രമായി ചേർത്തല താലൂക്ക് ആശുപത്രി
text_fieldsചേർത്തല: ചേർത്തല താലൂക്കാശുപത്രി അനാസ്ഥയുടെ കേന്ദ്രമായി മാറിയിട്ട് നാളേറെയായി. 2018 ൽ സ്ഥാപിച്ച സി.ടി സ്കാൻ പൂർണമായും നിലച്ചിട്ട് ഒരു വർഷം കഴിഞ്ഞു. സി.ടി. സ്കാൻ വേണ്ടിവരുന്ന രോഗികളുമായി കൂട്ടിരുപ്പുകാർ സ്വകാര്യആശുപത്രികളെയും സ്വകാര്യ സ്കാൻ സെന്ററുകളെയും ആശ്രയിക്കുകയാണ്. അൾട്രാസൗണ്ട് സ്കാൻ എല്ലാ ദിവസവുമുണ്ടായിരുന്നത് നിലവിൽ മൂന്ന് ദിവസമാക്കി. സ്കാൻ ചെയ്യാൻ രോഗികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന രീതിയാണിപ്പോൾ. 20 മുതൽ ഒരുമാസം കഴിഞ്ഞുള്ള തീയതിയാണ് രോഗികൾക്ക് ലഭിക്കുക.
നഗരത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ മൂന്ന് സ്വകാര്യആശുപത്രികളിലും ആശുപത്രിയുടെ തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ മൂന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ലാബുകളിലും സി.ടി. സ്കാൻ നടക്കുന്നുണ്ട്. 2018 ൽ സ്കാനിങ് മെഷീൻ സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ കേടായി. അന്വേഷണത്തിൽ കരാർ ജീവനക്കാർ മെഷീനിന്റെ കേബിളുകൾ മുറിച്ചതാണെന്ന് കണ്ടെത്തി. പിന്നീട് ഇവരെ ജോലിയിൽനിന്നും അധികൃതർ മാറ്റി നിർത്തി. സ്കാനർ ശരിയാക്കിയെങ്കിലും അധികംവൈകാതെ വീണ്ടും തകരാറിലായി.
രണ്ട് മാസത്തിനുള്ളിൽ സാങ്കേതിക വിദഗ്ധരെത്തി തകരാർ പൂർണമായും പരിഹരിക്കുമെന്നും ഇതോടെ ഒ.പിയിലെത്തുന്ന രോഗികൾക്ക് കാലതാമസം കൂടാതെ രോഗനിർണയം നടത്താനാകുമെന്നും സൂപ്രണ്ട് ഡോ. സുജ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡോക്ടർമാർക്കും ജീവനക്കാർക്കും പങ്ക്
ദേശീയ അംഗീകാരം നേടിയ ചേർത്തല താലൂക്കാശുപത്രിയെ തകർക്കുന്നതിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ആരോപണം. തിമിര ശസ്ത്രക്രിയ നടന്നിട്ട് നാല് വർഷം പിന്നിടുന്നു. തിമിരവുമായി എത്തുന്ന രോഗികളെ വിദഗ്ദ്ധ ചികിത്സയും ഓപ്പറേഷനുമായി നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞ് വിടുന്നുകയാണ്. ഇതിൽ ഡോക്ടർ അടക്കമുള്ളവരുടെ പങ്കിനെ പറ്റി പരാതി ഉയർന്നിട്ടുണ്ട്.
പേവാർഡിന് 65 വർഷം പഴക്കം
ആശുപത്രിയിൽ രണ്ട് കാലഹരണപ്പെട്ട കെട്ടിടങ്ങളും ഉണ്ട്. അതിൽ ഏറ്റവും പഴക്കമുള്ളത് പേ-വാർഡാണ്. 60-65 വർഷത്തിന് മേൽ പഴക്കമുള്ള പേ വാർഡിൽ 50 മുറികളുണ്ട്. എല്ലാ മുറികളിലും രോഗികളും കൂട്ടിരിപ്പുകാരും, സന്ദർശകരും വന്നു പോകുന്നുണ്ട്. അഞ്ച്, ആറ് വാർഡുകൾ സ്ഥിതിചെയ്യുന്ന കെട്ടിടവും ജീർണിച്ച അവസ്ഥയിലാണ്. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വെള്ളമൊലിക്കുന്നു. മോർച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. പോസ്റ്റുമോർട്ടവും നടക്കുന്നില്ല. താലൂക്കിൽ അപകട മരണം സംഭവിക്കുമ്പോൾ വണ്ടാനംമെഡിക്കൽ കോളേജിലും അരൂക്കുറ്റി താലൂക്കാശുപത്രിലും മൃതദേഹം കൊണ്ടുപോയാണ് പോസ്റ്റുമോർട്ടം നടത്തുന്നത്.
ആശുപത്രി ക്വാർട്ടേഴ്സ് നശിക്കുന്നു
താലൂക്കാശുപത്രിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമായി നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിക്കുകയാണ്. 3.44 ഏക്കർ കൂടാതെ ആശുപത്രിയിക്ക് സമീപം 45 സെന്റ് സ്ഥലവും അനുബന്ധ കെട്ടിടവും ഉണ്ട്. ആശുപത്രിയിലെത്തുന്ന ഡോക്ടർമാർ മറ്റ് വാടക കെട്ടിടങ്ങളിലാണ് താമസം. ചേർത്തലയിലെത്തുന്ന ഭൂരിഭാഗം ഡോക്ടർമാരും വീട് നിർമിച്ച് സ്ഥിരതാമസമാക്കാറാണ് പതിവ്. ഇതുമൂലം ആശുപത്രിക്ക് സ്വന്തമായുളള ക്വാർട്ടേഴ്സ് കാടുകയറി പൂർണമായും നശിച്ചു. മാറി മാറി വരുന്ന ആശുപത്രി അധികൃതർക്ക് പോലും അറിയില്ല ക്വാർട്ടേഴ്സ് ഉണ്ടെന്ന കാര്യം.
അപകടത്തിൽപെടുന്നവർക്ക് പ്രാഥമിക ചികിത്സ മാത്രം
ദേശീയപാതയിൽ അരൂർ മുതൽ കലവൂർ വരെയുള്ള ഭാഗങ്ങളിൽ അപകടം നടന്നാൽ അപകടത്തിൽപെട്ടവരെ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിക്കുയാണ് പതിവ്. എന്നാൽ പ്രാഥമിക, ചികിത്സ മാത്രംനൽകി രോഗിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുന്ന ഒരു റഫറൻസ് ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്. മരുന്നുകളുടെ ലഭ്യതകുറവും മറ്റൊരു കാരണമാണ്.
പേപ്പട്ടി വിഷബാധക്കുള്ള കുത്തിവെപ്പുകളൊന്നും താലൂക്കാശുപത്രിയിലില്ല. തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിലെത്തുന്നവരെ വിവിധ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികളും ആശുപത്രി അധികൃതരുമായുള്ള കൈയാങ്കളിയും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

