കവർച്ച: 20 പവനും വിലപിടിച്ച സാധനങ്ങളും കവർന്നു
text_fieldsമോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു
ചെങ്ങന്നൂർ: ചെന്നിത്തലയിൽ വീട് കുത്തിതുറന്ന് വൻകവർച്ച. 20 പവൻ സ്വർണവും ലാപ്ടോപ് ഉൾപ്പെടെയുള്ള വിലപിടിച്ച ഉപകരണങ്ങളും കവർന്നു. ചെന്നിത്തല-തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ ഇരമത്തൂർ അഞ്ചാം വാർഡിൽ വലിയ വീട്ടിൽ ശാരോണിൽ വി.ഒ. ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ വീട്ടിലായിരുന്നു സംഭവം.
വീടിന്‍റെ സിറ്റൗട്ടിലെ ഗ്രില്ലും മുൻവശത്തെ വാതിലും തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാര കുത്തിപ്പൊളിച്ചശേഷം ലോക്കർ തകർത്താണ് സ്വർണം കവർന്നത്.
പ്രവാസിയായ ജോസഫും കുടുംബവും കുറച്ചുദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴായിരുന്നു മോഷണം. സംഭവത്തില്‍ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വർണ ബിസ്കറ്റ്, ആഭരണങ്ങൾ, നാണയങ്ങൾ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വിദേശമദ്യം അടക്കമുള്ളവയാണ് അപഹരിച്ചത്.
വ്യാഴാഴ്ച ഔട്ട് ഹൗസ് കെട്ടിടത്തിന്‍റെ തേപ്പിനായി നാട്ടുകാരായ മേസ്തിയും മെയ്ക്കാടും ഉണ്ടായിരുന്നു. അവർ പോകുമ്പോൾ ഗേറ്റ് അടക്കാനും ലൈറ്റ് തെളിയിക്കാനുമായി സഹായിയായ രവിയെ ചുമതലപ്പെടുത്തിയശേഷം ഏലിയാമ്മയുടെ പന്തളം തുമ്പമണ്ണിലുള്ള കുടുംബവീട്ടിലേക്കാണ് പോയത്. വെള്ളിയാഴ്ച രാവിലെ കാര്യസ്ഥൻ എത്തിയപ്പോഴാണ് പ്രധാന വാതിലും തുറന്നത് കണ്ടത്. അയൽവാസിയായ ബന്ധുവിനെയും ദമ്പതികളെയും മറ്റും വിവരമറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലകൾ, വളകൾ, അഞ്ച് മോതിരങ്ങൾ, നാലു ജോഡി കമ്മലുകൾ, 12 ഗ്രാമിന്‍റെ ബിസ്കറ്റ്, മുറിയിലുണ്ടായിരുന്ന ലാപ്ടോപ്പ്, ആപ്പിൾ മൊബൈൽ ഫോൺ, മൂന്ന് കുപ്പി വിദേശമദ്യം എന്നിവ നഷ്ടമായെന്ന് തിരിച്ചറിഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 5.30നും വെള്ളിയാഴ്ച രാവിലെ ഏഴിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. മാന്നാർ ഇൻസ്പെക്ടർ ഡി. രജിഷ് കുമാർ, എസ്.ഐ ബിജു, എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് എന്നിവരും സ്ഥത്തെത്തി. പൊലീസ് സമീപ സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

