ചെങ്ങന്നൂരിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനം
text_fieldsവറ്റി വരണ്ട കിണർ
ചെങ്ങന്നൂർ: നദികളാൽ ചുറ്റപ്പെട്ട ചെങ്ങന്നൂർ മണ്ഡലത്തിൽ പ്രഖ്യാപിക്കപ്പെട്ട ശുദ്ധജല വിതരണ പദ്ധതികൾ എല്ലാം തന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കമീഷൻ ചെയ്യാനുള്ള കാലവിളംബം ഏറിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനം. പത്ത് ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പടെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ചെങ്ങന്നൂരിലുള്ളത്. പമ്പ-അച്ചൻകോവിൽ-മണിമല ആറുകളൊ-അതിന്റെ കൈവഴികളൊ കടന്നു പോകാത്ത സ്ഥലങ്ങൾ വിരളമാണ്. എന്നാൽ, കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവിക്കുകയാണ് ജനത.
കൊടുംവേനലിൽ കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതോടെ ചെങ്ങന്നൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളത്തിനായി ജനങ്ങൾ വലയുകയാണ്. പൈപ്പ് ലൈനുകളിലൂടെയുള്ള ജലവിതരണം നിലച്ചതും പി.ഐ.പി (പമ്പ ജലസേചന പദ്ധതി) കനാൽ തുറക്കാത്തതും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെയും ജൽ ജീവൻ പദ്ധതി പൈപ്പുകളിലൂടെ ഒന്നോ രണ്ടോ ദിവസത്തെ ഇടവേളകളിലാണ് വെള്ളം എത്തുന്നത്. ഇതിനു ശക്തി കുറവായതിനാൽ ജലസംഭരണ ടാങ്കുകളിലേക്ക് വെള്ളം കയറാത്ത അവസ്ഥയാണ്. പാത്രങ്ങളിൽ ശേഖരിച്ചു വെക്കുന്ന വെള്ളം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും തികയുന്നില്ല. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളം രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമാണ് പല വാർഡുകളിലും ലഭിക്കുന്നത്. വെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി പലയിടങ്ങളിലും നാട്ടുകാർ തമ്മിൽ വാക്കുതർക്കവും കൈയേറ്റങ്ങളും പതിവാകുന്നു.
പഞ്ചായത്തുകൾക്ക് 12 ലക്ഷം രൂപയാണ് ജല വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്. പുലിയൂർ പഞ്ചായത്തിൽ 14 വാർഡുകളിലും ജലക്ഷാമം രൂക്ഷമായതിനാൽ ഇതുവരെ അഞ്ച് ലക്ഷം രൂപ ചെലവായതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നദികളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ തീരത്തുള്ള ജലസംഭരണികളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. ചെറിയനാട് പഞ്ചായത്തിലെ ജലവിതരണത്തെ പ്രതികൂലമായി ബാധിച്ചു. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ റവന്യൂ വകുപ്പ് സ്ഥാപിച്ച കുടിവെള്ള കിയോസ്കുകൾ വൃത്തിയാക്കിയ ശേഷം അതിൽ വെള്ളം നിറക്കാത്തതും ജനങ്ങൾക്ക് തിരിച്ചടിയായി. പണം നൽകി സ്വകാര്യ ആർ.ഒ പ്ലാന്റുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ.
മണിയാർ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പി.ഐ.പി ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്. മുമ്പ് പ്രതിഷേധത്തെ തുടർന്ന് പുഞ്ചകൃഷിക്കായി മാർച്ച് 31 വരെ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും കനാൽ അടച്ചതോടെ കിണറുകൾ വറ്റുകയും കന്നുകാലികൾ ഉൾപ്പെടെ ദാഹജലം കിട്ടാതെ വലയുകയും ചെയ്യുന്നു. 2023ൽ ആരംഭിച്ച ഷട്ടർ പണികൾ ഇതുവരെ പൂർത്തിയാകാത്തതാണ് പ്രതിസന്ധികൾക്ക് കാരണം. ജലക്ഷാമത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരങ്ങൾ ശക്തമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ കനാൽ തുറന്നുവിടുകയും കുടിവെള്ള പദ്ധതികൾ കമീഷൻ ചെയ്യുകയും ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ തോതിലുള്ള ജനകീയ സമരങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതകൾ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

