ബി.ജെ.പിക്കൊപ്പം തുടരാനില്ല: പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്‍റ് ആശ വി.നായർ രാജിവെച്ചു
text_fieldsആശ വി.നായർ
ചെങ്ങന്നൂർ: ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ തട്ടകമായ പാണ്ടനാട് പാർട്ടി പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ വി.നായർ പദവിയും മെംബർ സ്ഥാനവും രാജിവെച്ചു. അണികളിൽനിന്നുള്ള ഒറ്റപ്പെടുത്തലുകളിലും പരസ്യമായ കുറ്റപ്പെടുത്തലുകളിലും ആരോപണങ്ങളിലും മനംമടുത്താണ് രാജി.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ ഈമാസം നാലിന് അവിശ്വാസം പാസായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിപരമായി ആക്ഷേപിച്ച് ബി.ജെ.പി പ്രവർത്തകരും അനുഭാവികളും പോസ്റ്റുകൾ ഇടുന്നത് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാൻ പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾക്കായി 50 കോടിയോളം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വത്സല മോഹനൻ ഒരുകോടിയോളം 2021-22ൽ ജില്ല പഞ്ചായത്തിൽ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിന് മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. എന്നാൽ, രാഷ്ട്രീയ അന്ധതമൂലം വികസനത്തെ എതിർക്കുന്ന ബി.ജെ.പിയുടെ നിലപാടിനൊപ്പം തുടരാൻ കഴിയുകയില്ല. ജനങ്ങളിലാണ് വിശ്വാസം. അവരോട് നീതിപുലർത്താൻ അനുവദിക്കാത്ത ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു. ബി.ജെ.പി ബാനറിൽ വിജയിച്ച മെംബർ സ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവെക്കുന്നതായും രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളോടൊപ്പം പൊതുപ്രവർത്തന രംഗത്ത് എന്നുമുണ്ടാകുമെന്നും ആശ വി.നായർ വ്യക്തമാക്കുന്നു. ഏഴാം വാർഡിനെ പ്രതിനിധീകരിക്കുന്ന ആശ കഴിഞ്ഞ പഞ്ചായത്ത് സമിതിയിലും അംഗമായിരുന്നു.