മുളക്കുഴ കോട്ട പ്രഭുറാം മിൽ തുറക്കും
text_fieldsചെങ്ങന്നൂര്‍: വൈദ്യുതി കുടിശ്ശിക ഭീമമായതോടെ കണക്ഷൻ വിഛേദിക്കപ്പെട്ട് ആറുമാസത്തിലധികമായി ലേ ഓഫിലായിരുന്ന ചെങ്ങന്നൂർ താലൂക്കിലെ പഴക്കം ചെന്ന വ്യവസായസ്ഥാപനമായ മുളക്കുഴ കോട്ട പ്രഭുറാം മിൽസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഓണം ആഘോഷിക്കാൻ ധനസഹായം ലഭിച്ചു. സർക്കാർ പ്രഖ്യാപിച്ച മിനിമം ബോണസായ 8.33 ശതമാനം തുകയാണ് വെള്ളിയാഴ്ച 200ൽഅധികം തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ഓരോരുത്തർക്കും 5000 രൂപയോളം വീതമാണ് ലഭിച്ചത്. കൂടാതെ 2021-22 കാലയളവിൽ കാഷ്വൽ ജീവനക്കാരായി 30 ദിവസം ജോലി ചെയ്തു പോയവർക്കും ഈ ബോണസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് സി.ഐ.ടി.യു യൂനിയൻ സെക്രട്ടറി രാജേഷ് ‘മാധ്യമ’ത്തോടു പറഞ്ഞു. വൈദ്യുതി ബന്ധം വ്യാഴാഴ്ച പുനഃസ്ഥാപിച്ചതോടെ ശനിയാഴ്ച മുതൽ യന്ത്ര സാമഗ്രികളിൽ മെയിന്റനൻസ് പണികളാരംഭിച്ച് ഓണത്തിനുശേഷം വ്യവസായ ശാല തുറക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. ഫെബ്രുവരി മാസത്തെ ശമ്പളവും ലേ ഓഫിന്റെ ആറുദിവസത്തെ ആനുകൂല്യങ്ങളും ജൂലൈ 10ന് അനുവദിച്ച ഒരുകോടി 15 ലക്ഷം രൂപയാണ് ഇപ്പോള്‍ കോട്ട പ്രഭുറാം മിൽസിന് അനുവദിച്ചതിൽ നിന്നും നേരത്തേ നൽകിയിരുന്നത്. ആറുമാസത്തിൽ അധികമായി ശമ്പളമില്ലാതെ കഴിയുകയായിരുന്നു ഇവിടത്തെ തൊഴിലാളികൾ. ഫെബ്രുവരി 22നാണ് വൈദ്യുതി വിച്ഛേദിച്ച് ലേ ഓഫിലായത്. ലേ ഓഫിന് ലഭിക്കേണ്ട ശമ്പളത്തിന്റെ 50 ശതമാനം തുക 2016ലെ രണ്ടുമാസത്തെയും കോവിഡ്കാലത്തെ രണ്ടുമാസത്തെയും ആനുകൂല്യം ഇനിയും ലഭിക്കാനുണ്ട്.