ട്രെയിനിൽ വീട്ടമ്മയുടെ ബാഗിൽനിന്ന് പണം മോഷ്ടിച്ച് കടന്നയാൾ അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: ട്രെയിൻ യാത്രക്കിടെ പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി സൗഹൃദത്തിലായശേഷം വീട്ടമ്മയുടെ ബാഗിൽനിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ ആൾ ഏഴ് മാസത്തിനുശേഷം പിടിയിൽ. മാന്നാർ ഇരമത്തൂർ പൊതുവൂരിൽ താമസിക്കുന്ന ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷാണ് (44) അറസ്റ്റിലായത്.
തൃശൂർ െറയിൽവേ പൊലീസാണ് മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ കോട്ടയത്തുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത വീട്ടമ്മയുടെ പണമാണ് മോഷ്ടിച്ചത്. തൃശൂർ എത്തിയപ്പോൾ വീട്ടമ്മ മുഖം കഴുകാൻ പോയ തക്കത്തിൽ ബാഗിൽനിന്ന് 11,000 രൂപ എടുത്ത് ഇയാൾ മുങ്ങുകയായിരുന്നു.
പാലക്കാട് എത്തിയതിനുശേഷമാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സൗഹൃദത്തിലായശേഷം പ്രതി മൊബൈൽ നമ്പർ വീട്ടമ്മക്ക് നൽകിയിരുന്നു. ഇതുവെച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി വലയിലാകുന്നത്. മാന്നാർ സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ ജോൺ തോമസ്, സി.പി.ഒ സിദ്ദീഖ് എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ്.

