'ജ്യോതി'നെല്ല് മില്ലുകാർക്ക് വേണ്ട; 3000 ക്വിന്റൽ കെട്ടിക്കിടക്കുന്നു
text_fieldsമാന്നാർ: 'ജ്യോതി' നെല്ല് എടുക്കാൻ മില്ലുകാർ മടിക്കുന്നതോടെ 3000 ക്വിന്റൽ കെട്ടിക്കിടക്കുന്നു. മാന്നാർ കുരട്ടിശേരി പാടശേഖരത്തിലെ 1600 ഏക്കറിലാണ് ഇക്കുറി കൃഷിയിറക്കിയത്. എല്ലായിടത്തും കൃഷി വകുപ്പ് നൽകിയത് ജ്യോതിയിനം നെൽവിത്താണ്. 600 ഏക്കറോളം വരുന്ന കുടവെള്ളാരി ബി, ഇടപുഞ്ച പടിഞ്ഞാറ്, കിഴക്ക്, അരിയോടിച്ചാൽ തുടങ്ങിയ പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയായി.
ഇവിടത്തെ 3000 ക്വിന്റൽ നെല്ലു പാടത്തും കരപ്രദേശത്തും റോഡിലുമായി കെട്ടിക്കിടക്കുകയാണ്. നെല്ലെടുക്കാൻ പാലക്കാട്ടുനിന്നുള്ള സ്വകാര്യ മില്ലുകാരാണെത്തിയത്. ഇടപുഞ്ച പാടശേഖരത്തിലെ പകുതി നെല്ലുമാത്രം ശേഖരിച്ച് കൊണ്ടുപോകുകയായിരുന്നു ഇവർ. ജ്യോതി ഇനം നെല്ലാണെന്ന് കണ്ടാണ് പിന്നീട് ഒരു ചാക്കു നെല്ലുപോലും എടുക്കാതെ ഇവർ സ്ഥലം വിട്ടതെന്ന് കർഷകർ പറഞ്ഞു.
ഇതോടെ പ്രതിസന്ധിയിലായ കർഷകർ 3000 ക്വിന്റൽ നെല്ലിന് കാവൽ നിൽക്കുകയാണ്. ജില്ല പാഡി മാർക്കറ്റിങ് മുഖേന സപ്ലൈകോയെയാണ് നെല്ലു സംഭരിക്കാൻ ചുമതലപ്പെടുത്തിയത്. കർഷകരുടെയും പാടശേഖര സമിതിയുടെയും പരാതിയെ തുടർന്ന് കൃഷി വകുപ്പ് അധികൃതർ, പാഡി മാർക്കറ്റിങ് ഓഫിസറടക്കം യോഗം ചേർന്നിട്ടും പ്രശ്ന പരിഹാരമായില്ല.