അധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
text_fieldsരശ്മി നായർ
ചെങ്ങന്നൂർ: പി.ആർ.വി ഇൻവെസ്റ്റ്മെന്റ് കൺസൾട്ടൻസിയെന്ന കമ്പനിയുടെ പേരിൽ അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ മാന്നാർ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തിൽ ബിജുക്കുട്ടൻ ഭാര്യ രശ്മിനായരെ (40 ) അറസ്റ്റ് ചെയ്തു.
ചേർത്തല സ്വദേശിയായ ത്രേസ്യാമ്മ സേവ്യറിന്റെ 9.5 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയാണ് കേസിനാധാരം. 2021 ൽ അഞ്ച് ലക്ഷം രൂപ ഇവരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചു. ആദ്യത്തെ നാല് മാസം പലിശയായി കുറച്ചുതുക നൽകുകയും ചെയ്തു. പിന്നിട് പണം ഒന്നും തന്നെ നൽകിയിട്ടില്ല. ഇതിന് ശേഷം ത്രേസ്യാമ്മ പ്രതിയെ കണ്ട് വീട് വാങ്ങാൻ പണം ആവശ്യപ്പെട്ടപ്പോൾ 4.5 ലക്ഷം കൂടി തന്നാൽ 30 ലക്ഷം വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു.
മൊത്തം 9.5 ലക്ഷം രൂപയുടെ പലിശ ഉപയോഗിച്ച് വായ്പയുടെ മാസ തവണകളടഞ്ഞു കൊള്ളുമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. 2023 ലാണ് ഈ പണം കൈപ്പറ്റിയത്. ഇതിനുശേഷം ഫോൺ വിളിക്കുമ്പോൾ പല വിധത്തിലുള്ള ഒഴിവുകൾ പറയുകയും പിന്നീട് ഫോൺ എടുക്കാതെയുമായി. തുടർന്നാണ് മാന്നാർ പൊലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ എറണാകുളം കാക്കനാട്ടുള്ള ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്. കേസിൽ രണ്ടു പേരെകൂടി പിടികൂടാനുണ്ട്. തെലങ്കാനയിൽ സ്വർണവും പണവും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സമാനതട്ടിപ്പ് നടത്തിയതിനു രശ്മിനായർ ജയിൽവാസം അനുഭവിച്ചിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

