സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചു; പാണ്ടനാട് പഞ്ചായത്തിൽ ബി.ജെ.പി വൈസ് പ്രസിഡന്‍റ് അവിശ്വാസത്തിലൂടെ പുറത്ത്
text_fieldsചെങ്ങന്നൂർ: സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചതോടെ പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അവിശ്വാസത്തിലൂടെ പുറത്ത്. പ്രതിപക്ഷമായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫിന്റെ രണ്ട് അംഗങ്ങളും അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് ബി.ജെ.പിയുടെ പി.സി. സുരേന്ദ്രൻ നായർ പുറത്തായത്. 13 അംഗ ഭരണസമിതിയിൽ ഏഴുപേർ അവിശ്വാസത്തെ അനുകൂലിച്ചപ്പോൾ ബി.ജെ.പിയുടെ ആറ് അംഗങ്ങളും വിട്ടുനിന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇടതു-വലതു മുന്നണികൾ വേറിട്ടു മത്സരിച്ചതിലൂടെയാണ് ആറ് അംഗങ്ങളുടെ പിൻബലമുള്ള ബി.ജെ.പിയുടെ ആശ വി. നായർ പ്രസിഡന്റും പി.സി. സുരേന്ദ്രൻ നായർ വൈസ് പ്രസിഡന്റുമായത്. ശനിയാഴ്ച ചെങ്ങന്നൂർ ബി.ഡി.ഒ വരണാധികാരിയായി നടന്ന യോഗത്തിലാണ് വൈസ് പ്രസിഡന്‍റ് പുറത്തായത്.
ഗ്രാമസഭകളിൽ പങ്കെടുത്ത് സർക്കാർ പദ്ധതികൾ ഒന്നുംതന്നെ പഞ്ചായത്തിന് അനുവദിക്കുന്നില്ലെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മന്ത്രി സജി ചെറിയാന്റെയും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും ഓഫിസുകളിലേക്കു മാർച്ച് നടത്തണമെന്നും പറയുന്ന വൈസ് പ്രസിഡന്റ് ആർ.എസ്.എസ്- സംഘ്പരിവാർ അജൻഡയാണ് നടപ്പാക്കാൻ പരിശ്രമിക്കുന്നതെന്ന് ഇടതു പാർലമെന്ററി പാർട്ടി നേതാവ് ഗോപൻ കെ. ഉണ്ണിത്താൻ ആരോപിച്ചു.
സി.പി.എം തീരുമാനത്തിന്റെയടിസ്ഥാനത്തിലാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് ഗോപൻ കെ. ഉണ്ണിത്താൻ 'മാധ്യമ'ത്തോടു പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്‍റിന്‍റെ തട്ടകമാണ് പാണ്ടനാട് പഞ്ചായത്ത്.