കാർ വൈദ്യുതിത്തൂണിലിടിച്ച് അപകടം
text_fieldsഎം.സി റോഡിൽ മുളക്കുഴ പെട്രോൾപമ്പിന് സമീപം കാർ നിയന്ത്രണംവിട്ടു വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടം
ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ പെട്രോൾപമ്പിന് സമീപം കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചു. വ്യാഴാഴ്ച വെകീട്ട് 3.30 നായിരുന്നു അപകടം. ഹോണ്ട സിറ്റി കാറിൽ അഞ്ച്പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല.
മാന്നാർ കുരട്ടിക്കാട് വല്യവീട്ടിൽ തറയിൽ സുരേന്ദ്ര പണിക്കർ, ഭാര്യ പുഷ്പ, മക്കൾ ഗായത്രി, നന്ദന, ഡ്രൈവർ പത്തനംതിട്ട സ്വദേശി സന്തോഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
തമിഴ്നാട്ടിലെ മാർത്താണ്ടത്ത് നഴ്സിങ്ങ് പഠനം പൂർത്തിയാക്കിയ മകൾ ഗായത്രിയെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. എതിർദിശയിൽ ചെങ്ങന്നൂർ ഭാഗത്തു നിന്നും നിയന്ത്രണംവിട്ടു വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് പോസ്റ്റിലിടിച്ചത്. തൂണൊടിഞ്ഞ് തൊട്ടടുത്തുള്ള കാനയിലേക്ക് വണ്ടി ഇടിച്ചു നിന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തിറക്കി.

